തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നാളെ യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി പുറപ്പെടും. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം 10ന് രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ലോകകേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി ഡോ. വിപി ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജൂണ്‍ 11ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15 ,16 തീയതികളില്‍ ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ആരോഗ്യ മന്ത്രി വീണ ജോര്‍ജും ക്യൂബ സന്ദര്‍ശന സംഘത്തിലുണ്ട്. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. ജോസ് മാര്‍ട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടെ നടത്തുന്ന യാത്ര ധൂര്‍ത്താണെന്ന് പ്രതിപക്ഷം ആരോപിച്ചു.