KeralaNEWS

ഈരാറ്റുപേട്ട- വാഗമൺ റോഡിലെ വര്‍ഷങ്ങളായുള്ള ദുരിത യാത്രയ്ക്ക് പരിഹാരമായി, ആധുനികനിലവാരത്തിൽ റീടാറിങ് നടത്തിയ റോഡി​ന്റെ ഉദ്​ഘാടനം 7ന് – വീഡിയോയും ആകാശദൃശ്യങ്ങളും

കോട്ടയം: കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നും ഏറെ ടൂറിസം പ്രാധാന്യം ഉള്ളതുമായ ഈരാറ്റുപേട്ട- വാഗമൺ റോഡ് 20 കോടി രൂപ വിനിയോഗിച്ച് ആധുനികനിലവാരത്തിൽ ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം ജൂൺ മാസം ഏഴാം തീയതി 4മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.

Signature-ad

കഴിഞ്ഞ 20 വർഷത്തിലധികമായി തകർന്നു കിടന്ന ഈരാറ്റുപേട്ട-വാഗമൺ റോഡ് വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബിഎം ആൻഡ് ബിസി റീടാറിങ്ങിന് 20 കോടി രൂപ അനുവദിക്കുകയായിരുന്നു. എന്നാൽ ആദ്യ ടെൻഡറിൽ കരാർ ഏറ്റെടുത്ത കോൺട്രാക്ടർ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാതെ അനാസ്ഥ കാട്ടിയതിനെ തുടർന്ന് ആ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്ത് റീ ടെൻഡർ വിളിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രവർത്തി ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിലവാരത്തോടുകൂടിയും സമയബന്ധിതമായും പ്രവർത്തി പൂർത്തീകരിച്ചു.ഏറെ ടൂറിസം പ്രാധാന്യം ഉള്ളതും, കോട്ടയം, ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ഈരാറ്റുപേട്ട നഗരസഭയിലെ ഏതാനും വാർഡുകളിലെയും, കൂടാതെ തീക്കോയി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനുമുള്ള ഏക പൊതുഗതാഗത മാർഗവുമാണ് 24 കിലോമീറ്റർ ദൈർഘ്യമുള്ള ഈരാറ്റുപേട്ട-വാഗമൺ റോഡ്. റോഡ് പുനരുദ്ധാരണം പൂർത്തീകരിച്ചതോടെ വാഗമണ്ണിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് പതിന്മടങ്ങായി വർദ്ധിച്ചിട്ടുണ്ട്.

റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതിന് 64 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചുള്ള റോഡ് വികസനം നടപ്പിലാക്കുന്നതിന് സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലാണ്. സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിച്ച് ഒരു വർഷത്തിനുള്ളിൽ ടെൻഡർ നടപടികൾ നടത്തി റോഡ് കൂടുതൽ വീതി കൂട്ടിയും ഓടകൾ നിർമ്മിച്ചും, സംരക്ഷണ ഭിത്തികൾ നിർമ്മിച്ചും, സുരക്ഷിതത്വ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയും, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഒന്നാം ഘട്ടത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള റീടാറിങ് മാത്രമാണ് പ്രധാനമായും പൂർത്തീകരിച്ചത്. ഇതോടൊപ്പം മുണ്ടക്കയം-കൂട്ടിക്കല്‍-ഏന്തയാര്‍ വഴി വാഗമണ്ണില്‍ എത്തിച്ചേരുന്ന ഒരു സമാന്തര പാതയ്ക്ക് 12 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായിട്ടുണ്ട്.

ഏഴാം തീയതി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തുന്നതാണ്. തോമസ് ചാഴികാടൻ എംപി , വാഴൂർ സോമൻ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിന് സ്വാഗതം ആശംസിക്കും. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. സൂപ്രണ്ടിംഗ് എൻജിനീയർ വിമല വി.ആർ കൃതജ്ഞത പ്രകാശിപ്പിക്കും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി ജെയിംസ്, സിപിഐഎം ജില്ലാ സെക്രട്ടറി എ.വി റസ്സൽ, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു എന്നിവരും, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ ജോയി ജോർജ്ജ്, എം.ജി. ശേഖരൻ, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, അഡ്വ.സാജൻ കുന്നത്ത്, പി.രാജേഷ് കുമാർ, റഫീഖ് പട്ടരൂപറമ്പിൽ, റ്റി.എസ്. റഷീദ്, സിറാജ് കണ്ടത്തിൽ, അക്ബർ നൗഷാദ്, ഉണ്ണികുഞ്ഞ് ജോർജ്ജ്, പി.സി. വർഗീസ് പുല്ലാട്ട്, വ്യാപാര വ്യവസായി സമിതി നേതാക്കന്മാരായ എ.എം.എ. ഖാദർ, എ.ജെ ജോർജ്ജ് അറമത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.

സമ്മേളനത്തിന് മുന്നോടിയായി വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് യുവജനങ്ങൾ നയിക്കുന്ന വിളംബര റാലിയും ഉണ്ടായിരിക്കും. മന്ത്രിമാർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ അരുവിത്തുറ പള്ളി ജംഗ്ഷനിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. സമ്മേളനത്തിനുശേഷം ഗാനമേളയും നടത്തും.

Back to top button
error: