മലപ്പുറം: കാമുകിയോടൊപ്പം ചേര്‍ന്ന് കാമുകിയുടെ ഭര്‍ത്താവിനെയും 4 വര്‍ഷത്തിനു ശേഷം കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. ജയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) മരിച്ചത്. മേയ് 31ന് മഞ്ചേരി സ്‌പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞുവീണ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്.
2018ലാണ് താനൂര്‍ സ്വദേശി പൗറകത്ത് സവാദി(40)നെ ഭാര്യ സൗജത്തും (30) കാമുകനായ ബഷീറും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീര്‍ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് സൗജത്ത് മരണം ഉറപ്പുവരുത്തുകയും ചെയ്തു. സംഭവത്തിന്റെ പിറ്റേദിവസം തന്നെ സൗജത്തിനെ പോലീസ് പിടികൂടിയിരുന്നു. ഗള്‍ഫിലായിരുന്ന ബഷീര്‍ കൃത്യം നടത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗള്‍ഫിലും ഇയാള്‍ക്കെതിരെ പ്രചാരമുണ്ടായതോടെ നില്‍ക്കക്കള്ളിയിലാതെ തിരിച്ച് നാട്ടിലെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു. സവാദ് കൊലക്കേസില്‍ പ്രതികളെ സഹായിച്ചതിന് ബഷീറിന്റെ സുഹൃത്തായ സൂഫിയാനും അറസ്റ്റിലായിരുന്നു.
റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും പുളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരവേ കഴിഞ്ഞ നവംബര്‍ 30ന് സൗജത്തിനെ മരിച്ച നിലയില്‍ ഇവിടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നും പ്രതി ബഷീറാണെന്നും കണ്ടെത്തി. എന്നാല്‍, ഇതിനിടെ കോട്ടയ്ക്കലില്‍ ബഷീറിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കു ശേഷമാണ് സബ് ജയിലിലേക്ക് മാറ്റിയത്.