ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്. താന്‍ സമരത്തില്‍നിന്ന് പിന്‍മാറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ സാക്ഷി മാലിക് സമരത്തില്‍നിന്ന് പിന്‍മാറി തിരികെ ജോലിയില്‍ പ്രവേശിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. തിരികെ ജോലിയില്‍ പ്രവേശിച്ച കാര്യം സാക്ഷി മാലിക് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ സാക്ഷി മാലിക് സമരത്തില്‍നിന്ന് പിന്‍മാറി തിരികെ ജോലിയില്‍ പ്രവേശിച്ചെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
‘ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തില്‍നിന്ന് ഞങ്ങളാരും പിന്നോട്ടു പോയിട്ടില്ല. ഇനി പിന്‍മാറുകയുമില്ല. സത്യാഗ്രഹം തുടരുന്നതിനൊപ്പം റെയില്‍വേയിലെ ഉത്തരവാദിത്വംകൂടി നിര്‍വഹിക്കുന്നു. നീതി ഉറപ്പാക്കുന്നതുവരെ സമരം തുടരും. ദയവുചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’, സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
സാക്ഷി മാലിക്കിന് പുറമേ സമരമുഖത്തുള്ള ബജ്രംങ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരും ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ ബ്രിജ് ഭൂഷണിനെതിരേ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഷായുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്നും താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയില്‍നിന്നുണ്ടായതെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഗുസ്തി താരവും സാക്ഷി മാലിക്കിന്റെ ഭര്‍ത്താവുമായ സത്യവചൃത് കാദിനാന്‍ വ്യക്തമാക്കിയിരുന്നു.