പീഡന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു, കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് അവർ വധഭീഷണി മുഴക്കി, സിന്ധുവിനെ പരിചയപ്പെട്ടത് ഹോസ്പിറ്റലിൽവച്ച്, മേക്കപ്പ് ആർടിസ്റ്റാണെന്ന് പറഞ്ഞപ്പോൾ വേക്കൻസി തരാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്, ആളുകൾ വരുമ്പോൾ നമ്മുടെ വസ്ത്രം പോലും അഴിക്കാൻ അവിടെ സ്ത്രീകളുണ്ടായിരുന്നു- പരാതിക്കാരി

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ വിദേശത്തേക്കെത്തിച്ച തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ യുവതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു. തന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിച്ചെന്നു പോലും ഓർമയില്ല പീഡന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് വധഭീഷണി മുഴക്കിയെന്നും യുവതി പറഞ്ഞു.
‘ മേക്കപ്പ് ആർടിസ്റ്റാണെന്ന് പറഞ്ഞപ്പോൾ വേക്കൻസി തരാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഇവിടെ നിന്ന് പറഞ്ഞതല്ല അവിടെ എത്തിയപ്പോൾ സംഭവിച്ചത്. അത് വലിയൊരു ട്രാപ്പായിരുന്നു. അവിടെ ഇതുപോലെ പെട്ടുകിടക്കുന്ന ഒരുപാട് പേരുണ്ട്. കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി. എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞത് സിന്ധുവാണ്. ഒരു ആശുപത്രിയിൽ വെച്ചാണ് സിന്ധുവിനെ പരിചയപ്പെട്ടത്. മേക്കപ്പ് ആർടിസ്റ്റാണെന്ന് പറഞ്ഞപ്പോൾ വേക്കൻസി തരാമെന്ന് പറഞ്ഞു. ഇവർ നമുക്ക് മയക്കുമരുന്ന് നൽകി ഒരുപാട് കാര്യങ്ങൾ പറയിപ്പിച്ചു. ഇവർക്ക് വേണ്ടി എന്തൊക്കെ ചെയ്‌തെന്ന് പോലും ഓർമയില്ല. പ്രതികരിക്കാൻ പോലും പറ്റാത്ത രീതിയിൽ നമ്മുടെ ശരീരം തളർത്തിയിടും. ആളുകൾ വരുമ്പോൾ നമ്മുടെ വസ്ത്രം പോലും അഴിക്കാൻ അവിടെ സ്ത്രീകളുണ്ടായിരുന്നു. പ്രതിപ്പട്ടികയിൽ പോലും പേരില്ലാത്ത ഒരു കുട്ടിയുണ്ട്, അവളാണ് ഇതെല്ലാം ചെയ്തത്’, യുവതി പറഞ്ഞു.
തന്നെ രണ്ട് മാസം ഒരുപാട് ഉപദ്രവിച്ചെന്നും വിസിറ്റിങ് വിസയിലാണ് തന്നെ ദുബൈയിലേക്ക് കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. തന്റെ കുടുംബ ജീവിതം നശിപ്പിച്ചു. എന്ത് തെറ്റാണ് ഇവരോട് ചെയ്തതെന്ന് അറിയില്ല. കുടുംബത്തിന് പോലും വേണ്ടാത്ത രീതിയിൽ അവർ തന്റെ ജീവിതം മാറ്റിയെന്നും ഇപ്പോഴും ടോർച്ചർ ചെയ്യുന്നുവെന്നും യുവതി പറയുന്നു. അതുപോലെ തന്റെ ചിത്രങ്ങൾ മഞ്ജിമ അയച്ച് കൊടുത്തെന്നും അങ്ങനെയാണ് ആദ്യം താൻ പരാതി കൊടുത്തത്. ഇപ്പോഴും താൻ ഓക്കെയല്ലെന്നും കൗൺസിലിങ് ചെയ്താണ് ഓക്കെയായി വരുന്നതെന്നും അവർ പറഞ്ഞു.
‘വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ദുബായിലെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടു പോയി. അവിടെ കൊണ്ടുപോയപ്പോൾ ഏഴ്- എട്ട് പെൺകുട്ടികളുണ്ടായിരുന്നു. ബാറിന് അടുത്ത് പോയത് പോലുള്ള മണമായിരുന്നു ആ മുറിക്ക്. സിഐഡി എന്ന് സ്വയം പരിചയപ്പെടുത്തിയ മഹറൂഫ് എന്നയാളാണ് അവിടെ വന്ന് സ്ത്രീകൾക്ക് ഡ്രഗ്‌സ് കൊടുക്കുന്നതും സ്ത്രീകളെ ഉപയോഗിക്കുന്നതും. ഭീഷണിപ്പെടുത്തുന്നതും അവനാണ്. തിരിച്ച് വരുന്ന സമയത്തും അവർ എന്നെ വെറുതെ വിട്ടില്ല. എന്റെ ബാഗിൽ 15 ഗ്രാമിനടുത്ത് വരുന്ന മൂന്ന് പാക്കറ്റിൽ വെള്ളപ്പൊടി അവർ വെച്ചിരുന്നു. ഞാൻ അവർ പറയുന്നത് കേട്ടതിനെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ ഈ സാധനം കിട്ടുകയായിരുന്നു. എന്റെ ആഭരണവും വസ്ത്രവും ഫോണുമെല്ലാം അവർ എടുത്ത് വെച്ചു. എന്റെ കുടുംബ സുഹൃത്താണ് തിരിച്ച് വരാൻ ടിക്കറ്റ് എടുത്തു തന്നത്’, യുവതി പറഞ്ഞു.
എന്നാൽ ഇക്കാര്യങ്ങൾ താൻ ആണ് ദുബായിൽ ചെയ്യുന്നതെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും യുവതി കൂട്ടിച്ചേർത്തു. ശങ്കര നമ്പൂതിരി എന്നയാളും മഹറൂഫിന്റെ കൂടെ സ്ത്രീകളെ പീഡിപ്പിക്കാൻ മുന്നിലുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. പീഡന വിവരങ്ങൾ പുറത്ത് അറിയിച്ചാൽ തങ്ങളുടെ അവർ എടുത്ത ചിത്രങ്ങൾ വീട്ടിലും മറ്റും കാണിക്കുമെന്ന് പറഞ്ഞാണ് പലരെയും കൊണ്ട് പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞു. യുവതി റിപ്പോർട്ടറോടു പ്രതികരിക്കവേയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഇതുവരെ മൂന്നുപേർ പിടിയിലായിട്ടുണ്ട്. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് അവസാനമായി പിടിയിലായത്. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെ സിന്ധു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.






