ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ യുവതി ചൊവ്വാദോഷമുള്ളയാളാണോ അല്ലയോ എന്നുനിശ്ചയിക്കാന്‍ ലഖ്നൗ സര്‍വകലാശാലയിലെ ജ്യോതിഷശാസ്ത്രവിഭാഗം മേധാവിയോട് ആവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു.
ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസുമാരായ സുധാംശു ധൂലിയ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയം സ്വമേധയാ ഏറ്റെടുത്തത്. ഒരു ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജ്യോതിഷ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു.
വിവാഹവാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് മേയ് 23-നാണ് അലഹബാദ് ഹൈക്കോടതി വിചിത്രമായ ഉത്തരവിറക്കിയത്. യുവതിക്ക് ചൊവ്വാദോഷമുള്ളതാണ് ഇരുവരും തമ്മിലുള്ള വിവാഹത്തിന് തടസ്സമായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, തന്റെ കക്ഷിക്ക് ചൊവ്വാദോഷമില്ലെന്നാണ് സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.
വിദേശസന്ദര്‍ശനത്തിലുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈക്കോടതിയുത്തരവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അവിടെനിന്ന് ഇടപെടുകയും പ്രത്യേക സിറ്റിങ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വേനലവധിയും ശനിയാഴ്ച അവധിയും കണക്കിലെടുക്കാതെ അവധിക്കാലബെഞ്ച് അടിയന്തരമായി ചേര്‍ന്നത്. വൈകുന്നേരം മൂന്നിനായിരുന്നു കോടതിയുടെ പ്രത്യേകസിറ്റിങ്.
കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നപ്പോള്‍ അസ്വാസ്ഥ്യജനകമായ ഉത്തരവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അത് ഉടനെ സ്റ്റേചെയ്യണമെന്നും ആവശ്യപ്പെട്ടു. കക്ഷികളുടെ സമ്മതത്തോടെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബെഞ്ചിനെ അറിയിച്ചു. യു.പി. സര്‍ക്കാരുള്‍പ്പെടെ കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കാന്‍ കോടതി നിര്‍ദേശിച്ചു. ജൂലൈയ് പത്തിന് തുടങ്ങുന്ന ആഴ്ചയില്‍ കേസ് വീണ്ടും പരിഗണിക്കും.
വാദിയായ സ്ത്രീയുടെ ജാതകം പത്തുദിവസത്തിനകം വിദഗ്ധ പരിശോധനയ്ക്കായി ലഖ്‌നൗ സര്‍വകലാശാല ജ്യോതിഷശാസ്ത്രവകുപ്പ് മേധാവിക്ക് കൈമാറാന്‍ അലഹബാദ് ഹൈക്കോടതി കക്ഷികളോട് നിര്‍ദേശിച്ചിരുന്നു. ജാതകം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം കോടതിക്ക് റിപ്പോര്‍ട്ടുനല്‍കാന്‍ വകുപ്പുമേധാവിയോടും ഉത്തരവിട്ടു.