IndiaNEWS

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി, ഉത്തരവാദികളെയും തിരിച്ചറിഞ്ഞു: റെയില്‍വേ മന്ത്രി

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റം മൂലമാണ് ഇതു സംഭവിച്ചത്. ഇതിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു. ട്രാക്ക് ഇന്നു തന്നെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ബുധനാഴ്ചയോടെ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറിലെത്തി. ഭുവനേശ്വര്‍ എയിംസില്‍ എത്തി പരുക്കേറ്റവരെ കണ്ടതിനു ശേഷം ബാലസോറിലേക്ക് പോകും. അപകടത്തില്‍ മരണസംഖ്യ മുന്നൂറിലേക്ക് അടുക്കുകയാണ്. ട്രെയിനുള്ളില്‍ കുടുങ്ങിയ 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ആയിരത്തിലേറെ പേര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി എന്‍ഡിആര്‍എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Signature-ad

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ആയിരത്തിലേറെ തൊഴിലാളികളാണ് ഇതിനായി പരിശ്രമിക്കുന്നത്. മറിഞ്ഞ 21 കോച്ചുകളും ഉയര്‍ത്തി. അപകടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാളം കൂട്ടിയോജിപ്പിക്കല്‍ ജോലി പുരോഗമിക്കുകയാണ്. തകരാറിലായ വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണിയും തുടരുന്നു.

അപകടത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ട്രാക്കിലെ ഇന്റര്‍ ലോക്കിങ് സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതായും ഇതിലെ പിഴവ് അപകടത്തിന്റെ കാരണമാകാമെന്നും സൂചനയുണ്ട്.

Back to top button
error: