KeralaNEWS

ഒന്നാം ക്ലാസില്‍ ഒരു കുട്ടി മാത്രം, ആകെ 15 കുട്ടികള്‍; അതിജീവനം തേടി ചെട്ട്യാലത്തൂര്‍ എല്‍പി സ്‌കൂള്‍

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വനഗ്രാമമാണ് ചെട്ട്യാലത്തൂര്‍. കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍ നിന്നായി അറുപതിലധികം ആദിവാസി കുടുംബങ്ങളും എഴ് ജനറല്‍ കുടുംബങ്ങളും ഇവിടെയുണ്ടെങ്കിലും പ്രദേശത്തെ ഏക എല്‍.പി. സ്‌കൂള്‍ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഫിറ്റ്നെസ് ലഭ്യമാകുന്നതടക്കം നിരവധി പ്രതസന്ധി ഘട്ടങ്ങളിലൂടെ കടുന്നുപോകുകയാണ് ഇന്ന് ചെട്ട്യാലത്തൂര്‍ എല്‍.പി സ്‌കൂള്‍.

ഒന്നാം ക്ലാസില്‍ ഇത്തവണ ഒരു കുട്ടി മാത്രമാണ് പ്രവേശനം നേടിയത്. വനഗ്രാമത്തിലുള്ള കുടുംബങ്ങളെ പുറത്തെത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി ചെട്ട്യൂലത്തൂരിനും ബാധകമായതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്. നിലവില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ല. പുനരധിവാസത്തിന്റെ പേരില്‍ ഒരു തരത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുകയാണ് പഞ്ചായത്ത്. മേല്‍ക്കൂരയടക്കം തകര്‍ന്ന സ്‌കൂളില്‍ എങ്ങനെ ഈ അധ്യായന വര്‍ഷം പൂര്‍ത്തിയാക്കുമെന്ന ആശങ്കയിലായിരുന്നു അധ്യാപകരും നാട്ടുകാരും. എന്നാല്‍, കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്താമെന്ന് തീരുമാനമായിട്ടുണ്ട്.

Signature-ad

പഞ്ചായത്ത് ഇതിനായി നാലു ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാരായ 15 കുട്ടികളാണ് സ്‌കൂളില്‍ ഉള്ളത്. നാലാം ക്ലാസിലേക്ക് നാലു പേരും മൂന്നില്‍ ഏഴും രണ്ടില്‍ മൂന്ന് കുട്ടികളും ഒന്നാം ക്ലാസിലേക്ക് ഇത്തവണ പ്രവേശനം നേടിയ ഒരാളുമെന്നതാണ് ഈ കണക്ക്. പ്രധാന അധ്യാപകന് പുറമെ മറ്റൊരു അധ്യാപകനും പ്യൂണുമാണ് ഉള്ളത്. മുമ്പെങ്ങുമില്ലാത്ത വിധം വന്യമൃഗശല്യം വര്‍ധിച്ചതോടെയാണ് ഈ വനഗ്രാമത്തിലെ ജീവിതം പ്രതിസന്ധിയിലായത്. വന്യമൃഗശല്യം തടയാന്‍ മുമ്പ് എടുത്തത് പോലുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. വൈദ്യുതിയും റോഡുമൊന്നുമില്ലെങ്കിലും ഗ്രാമം സ്വര്‍ഗമെന്ന് തന്നെയാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. സോളാര്‍ പാനല്‍ വഴിയാണ് അംഗനവാടിയിലും സ്‌കൂളിലും വീടുകളിലുമെല്ലാമുള്ള വൈദ്യുതി പ്രതിസന്ധി മറികടക്കുന്നത്.

Back to top button
error: