തിരുവനന്തപുരം: ചരക്ക് വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കി ഗതാഗത വകുപ്പ്. ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞ നിറം വേണമെന്ന കേരള മോട്ടോര്‍ വാഹന നിയമത്തിലാണ് മാറ്റം വരുത്തിയത്. ഇനിമുതല്‍ ഓറഞ്ച് ഒഴികെയുള്ള ഏത് നിറം വേണമെങ്കിലും ഉപയോഗിക്കാം.
രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കാണാന്‍ കഴിയുമെന്നതിലായിരുന്നു ചരക്ക് വാഹനങ്ങള്‍ക്ക് മഞ്ഞ നിറം നിര്‍ബന്ധമാക്കിയത്. നേരത്തെ ഓള് ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ഭേദഗതിയുണ്ടായി. ഇത് സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാനവും മഞ്ഞ നിറം ഒഴിവാക്കിയത്.
വെളിച്ചം പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം നല്കാന് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് തീരുമാനമെടുത്തിരുന്നു. പെട്ടെന്ന് കണ്ണില്‍പ്പെടുന്ന നിറമായതുകൊണ്ടാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം നിര്‍ബന്ധമാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.