Movie

പ്രേംനസീറും വിധുബാലയും ഉണ്ണിമേരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ശശികുമാറിന്റെ ‘മിനിമോൾ’ വെള്ളിത്തിരയിലെത്തിയിട്ട് 46 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

  ശശികുമാറിന്റെ ‘മിനിമോൾ’ക്ക് 46 വയസ്സായി. 1977 ജൂൺ 3 ന് റിലീസ് ചെയ്‌ത ഈ ചിത്രത്തിലാണ് പ്രശസ്‌തമായ ‘കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന പാട്ടുള്ളത്. ‘എന്ത് സമ്മാനം മിനിമോൾക്കെന്ത് സമ്മാനം’ എന്നൊരു ഹിറ്റ് ഗാനം കൂടിയുണ്ടായിരുന്നു. പാപ്പനംകോട് ലക്ഷ്‌മണന്റെ രചന. പ്രേംനസീർ, വിധുബാല, ഉണ്ണിമേരി എന്നിവർ  മുഖ്യവേഷങ്ങൾ ചെയ്‌തു.

സോമനെ (നസീർ) പഠിപ്പിക്കാൻ സഹായിച്ച പണിക്കരുടെ മകൾ നിർമ്മലയ്ക്ക് (വിധുബാല) സോമനോട് മൗനാനുരാഗം. സോമൻ അതറിയാതെ സമ്പന്നയായ ഉഷയുടെ (ഉണ്ണിമേരി) സ്‌നേഹത്തിന് കീഴടങ്ങുന്നു. ഉഷയുടെ അച്ഛന് ആ ബന്ധം ഇഷ്ടമില്ലാത്തതിനാൽ സോമനും അമ്മായിയച്ഛനും ശത്രുതയിലാണ്. സോമൻ-ഉഷമാർക്ക് മിനിമോൾ ജനിച്ചു. സോമന്റെ അനുവാദമില്ലാതെ കുഞ്ഞിന്റെ ജന്മദിനത്തിന് ഉഷ സ്വന്തം വീട്ടിൽ പോയത് സോമന് ഇഷ്ടമായില്ല. സോമൻ കുഞ്ഞിനെ എടുത്ത് കൊണ്ട് പോന്നു. കോടതിക്കേസായി. മിനിമോളുടെ കസ്‌റ്റഡി അമ്മയായ ഉഷയ്ക്ക്. മിനിമോൾ അമ്മയുമൊത്ത് മദ്രാസിലേയ്ക്ക് യാത്രയാവുകയാണ്. അച്ഛനെ പിരിഞ്ഞിരിക്കാൻ വയ്യാത്ത മിനിമോൾ പ്ലെയിനിൽ കയറാതെ സോമന്റെ അടുത്തേയ്ക്ക് ഓടി.

ശ്രീകുമാരൻ തമ്പിയാണ് ഗാന രചന. ‘ഈപ്പൊന്നും പുഞ്ചിരിക്ക് പകരം നൽകാൻ എന്ത് സമ്മാനം’ എന്നൊരു പാട്ടിൽ. ദേവരാജന്റെ സംഗീതം. ‘മിഴികൾ മിഴികളിലാഴങ്ങൾ തേടി’ എന്നൊരു പ്രണയഗാനവും ‘അംബാസഡറിന് ഡയബറ്റിക്‌സ്’ എന്നൊരു ഹാസ്യഗാനവും ഉണ്ടായിരുന്നു.

ഈ നാട്, ഇനിയെങ്കിലും, ഉണരൂ എന്നീ ചിത്രങ്ങൾ പിന്നീട് നിർമ്മിച്ച എൻ.ജി ജോണിന്റെ ആദ്യ ചിത്രമാണ് മിനിമോൾ. ജോഷിയുടെ ഇണക്കിളി എന്ന ചിത്രം നിർമ്മിച്ച ജോർജ്ജിന്റെ മകനാണ് ജോൺ. സംവിധായകൻ ശശികുമാറിന്റെ യഥാർത്ഥ പേരും ജോൺ എന്നാണ്. ‘മിനിമോള’ടക്കം 15 ചിത്രങ്ങളാണ് ആ വർഷം ശശികുമാറിന്റെ സംവിധാനത്തിൽ പുറത്തു വന്നത്.

Back to top button
error: