Fiction

സ്വയം അഹംബോധവും അപരനില്‍  അപകര്‍ഷതാബോധവും സൃഷ്ടിക്കുന്ന പെരുമാറ്റം അപകടത്തിലേയ്ക്കു നയിക്കും

വെളിച്ചം

    ആ ബീച്ചിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു അരയന്നം.  അപ്പോഴാണ് കാക്ക അടുത്തെത്തിയത്. കാക്ക അരയന്നത്തോട് ചോദിച്ചു:

Signature-ad

   “നിനക്ക് എന്റെയത്ര വേഗത്തില്‍ പറക്കാന്‍ ആകുമോ?  എന്നെപ്പോലെ അഭ്യാസം കാണിക്കാനാകുമോ?  നിനക്ക് ചിറകടിക്കാനറിയാം എന്നെല്ലാതെ എന്നപ്പോലെ നന്നായി പറക്കാനറിയുമോ? ” അരയന്നം കാണാന്‍  കാക്ക കുറെ അഭ്യാസങ്ങളും കാണിച്ചു.  അപ്പോള്‍ അരയന്നം ചോദിച്ചു:
“നിങ്ങള്‍ക്ക് കഴിവുകളുണ്ട്. പക്ഷേ എന്തിനാണ് ഇത്ര ധാര്‍ഷ്ട്യത്തോടെ എന്നെ .കളിയാക്കുന്നത്…?”
കാക്ക പറഞ്ഞു:
“എനിക്കു വെല്ലുവിളി ഉയര്‍ത്തുന്ന എന്തെങ്കിലും നീ ചെയ്താല്‍ ഞാന്‍ കളിയാക്കല്‍ നിര്‍ത്താം.”
അരയന്നം കാക്കയെ കടലിനുമുകളിലൂടെ പറക്കാന്‍ ക്ഷണിച്ചു.  കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും കാക്ക ആകെ ക്ഷീണിച്ചു.  എങ്കിലും പുറത്തുകാണിച്ചില്ല.  തളര്‍ന്നു കടലില്‍ വീഴാറായപ്പോള്‍ അരയന്നം കാക്കയെ തന്റെ ചുമലില്‍ താങ്ങി നിര്‍ത്തി.  നന്ദിപറയാനുളള ശേഷിപോലും അപ്പോള്‍ ആ കാക്കയ്ക്ക് ഉണ്ടായിരുന്നില്ല.

എല്ലാ ചിറകുകളും ഒരുപോലെയല്ല,. എല്ലാ കാലുകള്‍ക്കും ഒരേ വേഗമല്ല. എല്ലാ കരങ്ങള്‍ക്കും ഒരേ കരവിരുതല്ല.   എല്ലാവരും തന്നെപ്പോലെയാകണമെന്ന പിടിവാശി രണ്ട് അബദ്ധങ്ങളിലേക്ക് നയിക്കും. ഒന്ന് സ്വയം സൃഷ്ടിക്കുന്ന അഹംബോധം. രണ്ട് അപരനില്‍ പകരുന്ന അപകര്‍ഷതാബോധം.

എല്ലാ തികഞ്ഞവരായും ഒന്നുമില്ലത്തവരായും ആരുമില്ല. ഇതിനിടയില്‍ അവരവര്‍ കണ്ടെത്തേണ്ട ചില സ്വകാര്യഇടങ്ങളുണ്ട്.  അവിടെയാണ് അവര്‍ക്ക് മികവ് പുലര്‍ത്താനാകുക.  ഓരോ ജന്മവും ശ്രേഷ്ഠമാണ് എന്ന് തിരിച്ചറിയുക.

ഏവർക്കും ശുഭദിനം ആശംസിക്കുന്നു

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: