ബെംഗലൂരു: കർണാടകയിൽ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ് ആകും. മന്ത്രിപദവിക്ക് തത്തുല്യമായ പദവിയാണ് സുനിൽ കനുഗോലുവിന് നൽകുന്നത്. ഇന്നലെയാണ് ക്യാബിനറ്റ് റാങ്കിൽ സുനിൽ കനുഗോലുവിനെ നിയമിക്കാൻ തീരുമാനിച്ചത്. ബെല്ലാരി സ്വദേശിയാണ് സുനിൽ കനുഗോലു.
മുൻപ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐപാകിനൊപ്പമാണ് കനുഗോലു പ്രവർത്തിച്ചിരുന്നത്. ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ എന്നീ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. പ്രശാന്ത് കിഷോർ കഴിഞ്ഞ വർഷം കോൺഗ്രസിൽ ചേരുന്നില്ലെന്ന് തീരുമാനിച്ചെങ്കിലും സുനിൽ കനുഗോലു കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അടക്കമുള്ള പ്രചാരണ പരിപാടികളുടെ ചുക്കാൻ പിടിച്ചത് സുനിൽ കനുഗോലുവാണ്. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതലയും കനുഗോലുവിനാണ് കോൺഗ്രസ് നേതൃത്വം നൽകിയിരിക്കുന്നത്. അതേസമയം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൈ എസ് ശർമിള അടക്കമുള്ള നേതാക്കളെ കോൺഗ്രസിനൊപ്പം എത്തിക്കാനുള്ള ചർച്ചകളിലും കനുഗോലു നിർണായക പങ്ക് വഹിക്കുന്നുണ്ട്.