കൽപ്പറ്റ: വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ വിജിലൻസ് നാളെ കുറ്റപത്രം സമർപ്പിക്കും. തലശേരി വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ബാങ്കിന്റെ മുൻ പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ.ഏബ്രഹാം അടക്കം 10 പ്രതികളാണ് കേസിലുള്ളത്. 2019 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹ്രാം അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾ റിമാൻഡിലാണ്. ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കെ.കെ എബ്രഹാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ബാങ്ക് മുൻ സെക്രട്ടറി രമാ ദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളുകയായിരുന്നു. വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
രാജേന്ദ്രന്റെ ആത്മഹത്യയ്ക്ക് കാരണം പുൽപ്പള്ളി ബാങ്കിലെ വായ്പ തട്ടിപ്പാണെന്നും വിജിലൻസ് അന്വേഷണത്തിൽ കെ.കെ എബ്രഹാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. ഇത് തളളിയാണ് കെ.കെ എബ്രഹാമിനെ ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഈ മാസം 15 വരെ റിമാൻഡ് ചെയ്തത്.
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വായ്പാ തട്ടിപ്പിന് ചുക്കാൻ പിടിച്ച സേവാദൾ ജില്ലാ ഭാരവാഹി സജീവൻ കൊല്ലപ്പള്ളി ഒളിവിലാണ്. വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് കർഷക ആത്മഹത്യയിൽ റിമാന്റിലായത് പാർട്ടിക്ക് നാണകേട് ഉണ്ടാക്കിയെന്നും കെ.കെ എബ്രഹാമിനെ പദവികളിൽ നിന്ന് നീക്കണമെന്നും ഡിസിസിയിൽ ആവശ്യം ഉയരുന്നുണ്ട്.