KeralaNEWS

എന്‍.സി.പിക്ക് ആലപ്പുഴയില്‍ രണ്ട് ജില്ലാ പ്രസിഡന്റ്; ചാക്കോയും തോമസ് കെ. തോമസും നേര്‍ക്കുനേര്‍

ആലപ്പുഴ: എന്‍സിപിയില്‍ പി.സി. ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസും തമ്മില്‍ ഭിന്നത രൂക്ഷം. ഇരു വിഭാഗവും ആലപ്പുഴയില്‍ ജില്ലാ പ്രസിഡന്റുമാരെ നിയോഗിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. കുട്ടനാട് സീറ്റ് ഇല്ലാതാക്കാന്‍ പി.സി ചാക്കോ ശ്രമിക്കുകയാണെന്ന് തോമസ് കെ തോമസ് ആരോപിച്ചു. ചാക്കോ വന്നതോടെ എന്‍സിപി ദുര്‍ബലപ്പെട്ടു എന്നും തോമസ് കെ തോമസ് ആഞ്ഞടിച്ചു.

പി. സി. ചാക്കോ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ സംസ്ഥാന എന്‍സിപിയില്‍ പ്രകടമായി തുടങ്ങിയ ഭിന്നത ആലപ്പുഴയിലും ശക്തമാണ്. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ആലപ്പുഴ ജില്ലാ പ്രസിഡന്റായി നിയോഗിച്ചത് സാദത്ത് ഹമീദിനെയാണ്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നിര്‍ദേശിച്ചത് മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ് കുമാറിനെയെന്ന് തോമസ് കെ തോമസ് പറയുന്നു. രണ്ട് പേര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പോസ്റ്ററുകളും പുറത്തിറങ്ങി. താന്‍ ശരദ് പവാറിന്റെ ആളെന്നും എല്ലാവരെയും തട്ടിക്കളയുമെന്ന മനോഭാവമാണ് പി സി ചാക്കോയ്ക്കെന്നും തോമസ് കെ തോമസ് ആഞ്ഞടിച്ചു

Signature-ad

പിന്നാലെയാണ് ജില്ലാ കമ്മിറ്റി ഓഫീസിനായി പിടിവലി തുടങ്ങിയത്. പിസി ചാക്കോ വിഭാഗം പൂട്ടിയ പുതിയ താഴ് തകര്‍ത്ത് തോമസ് കെ തോമസ് ഓഫീസില്‍ കയറി. പിന്നാലെ സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു. എംഎല്‍എയുടെ വാദങ്ങള്‍ പി സി ചാക്കോ വിഭാഗം പൂര്‍ണമായും തള്ളി. ദേശീയനേതൃത്വം ചാക്കോയ്ക്ക് ഒപ്പമെന്നാണ് വാദം. അതേസമയം, ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ എന്‍സിപി യിലെ തമ്മിലടി എല്‍ഡിഎഫിന് ആകെ തലവേദന ആവുകയാണ്.

Back to top button
error: