കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടിയില്‍ നിന്നും കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ഒന്‍പതാം വളവില്‍ നിന്നും ഫോണ്‍ കണ്ടെത്തിയത്. മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ച് വരുന്നവഴിയാണ് ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഫര്‍ഹാനയുടെ ഫോണ്‍വിളിയാണ് പ്രതികളെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്. ചെന്നൈയിലേക്ക് പോയ ഫര്‍ഹാന മറ്റൊരാളുടെ ഫോണില്‍ നിന്നും ഒറ്റപ്പാലത്തെ ബന്ധുവിനെ വിളിച്ചതാണ് നിര്‍ണായകമായത്. ഇത് പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളായ മുഹമ്മദ് ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെ കുടുക്കിയത്. കൃത്യം നടക്കുന്നതിന് മുന്‍പ് ഷിബിലിയും സിദ്ദിഖും മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇന്‍’ ലോഡ്ജിലെ മുറിയില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. ലോഡ്ജില്‍ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഹോട്ടല്‍ ‘ഡി കാസ ഇന്നി’ന് ലൈസന്‍സില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ അനുമതി ഉണ്ടായിരുന്നില്ല. മലിനജലം ഒഴുക്കിയതിന് കോര്‍പറേഷന്‍ അധികൃതര്‍ മുന്‍പ് ഹോട്ടല്‍ പൂട്ടിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.