IndiaNEWS

ഡി.കെയെ ‘ശശികുമാറാക്കി’ സിദ്ധരാമയ്യ; വകുപ്പു വിഭജനത്തില്‍ മേല്‍ക്കൈ മുഖ്യമന്ത്രിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ മേല്‍ക്കൈ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്. ധനകാര്യം, ഐ.ടി, ഇന്റലിജന്‍സ് തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ജലസേചനം, ബെംഗളൂരു നഗര വികസന വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്ന ശിവകുമാറിന് ആഭ്യന്തര വകുപ്പ് ലഭിക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാവ് ഡോ. ജി പരമേശ്വരയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. ഇന്റലിജന്‍സ് ഒഴികെയുള്ള വിഭാഗത്തിന്‍െ്‌റ ചുമതലയാണ് അദ്ദേഹത്തിന്.

മലയാളിയായ കെ.ജെ ജോര്‍ജിന് ഊര്‍ജവകുപ്പാണ് നല്‍കിയത്.

Signature-ad

കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി അന്തിമ ഉത്തരവിറങ്ങി. ഞായറാഴ്ച ഉത്തരവിറങ്ങിയെങ്കിലും രാജ് ഭവന്‍ ചൂണ്ടിക്കാണിച്ച ചെറിയ പിശകുകള്‍ കാരണം പിന്‍വലിച്ചിരുന്നു. ഇത് തിരുത്തിയുള്ള അന്തിമ പട്ടികയാണ് ഇന്നലെ അര്‍ധരാത്രിയോടുകൂടി പുറത്തുവന്നിട്ടുള്ളത്. വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം പാലിച്ച് ജാതി സമവാക്യങ്ങളെല്ലാം പരിഗണിച്ചുള്ളതാണ് അവസാനഘട്ട പട്ടിക.

ഏഴ് മന്ത്രിമാര്‍ വൊക്കലിഗ വിഭാഗത്തില്‍ നിന്നും ഏഴ് മന്ത്രിമാര്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരുമാണ്. ‘അഹിന്ത’ വിഭാഗത്തില്‍ നിന്ന് 13 മന്ത്രിമാരുമുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ 33 മന്ത്രിമാരാണ് കര്‍ണാടകയിലെ രണ്ടാം സിദ്ധരാമയ്യ സര്‍ക്കാരില്‍ ഉണ്ടാകുക. ഡല്‍ഹിയില്‍ നടന്ന മൂന്ന് ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചയിലാണ് വകുപ്പ് വിഭജനം പൂര്‍ത്തിയായത്.

മന്ത്രിസഭയിലെ ഏക വനിത സാന്നിധ്യം ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കര്‍ വനിത, ശിശുക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യും. എച്ച്.കെ പാട്ടീല്‍ നിയമകാര്യ വകുപ്പ്. കെ.എസ്. മുനിയപ്പ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്യും. വഖഫ് ബോര്‍ഡ്, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകള്‍ സമീര്‍ അഹമ്മദ് ഖാനാണ്. അതേസമയം, ശിവകുമാറിന്റെ അടുപ്പക്കാരനും മലയാളിയുമായ എന്‍.എ. ഹാരിസടക്കം പ്രമുഖര്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല.

Back to top button
error: