CrimeNEWS

കെട്ടിയിട്ട് മുഖം പൊള്ളിക്കാന്‍ ശ്രമം, പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി; വിദ്യാര്‍ത്ഥിനിക്കേറ്റത് ക്രൂര പീഡനം

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കേറ്റത് അതിക്രൂര മര്‍ദ്ദനമെന്ന് വ്യക്തമാക്കി എഫ്‌ഐആര്‍. കസേരയില്‍ ഷാള്‍ കൊണ്ട് കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാന്‍ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാല്‍ കറിവീണ് ശരീര ഭാഗങ്ങള്‍ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവില്‍ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം എഫ്‌ഐആറിലാണ് ക്രൂരതയുടെ വിവരങ്ങള്‍ ഉള്ളത്.

പ്രതി ലോഹിത, ദീപികയുടെ ദേഹത്തുള്ള പരിക്ക്

ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്. 18ാം തിയതി 10 മണിയോടെ ദീപികയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടിച്ചു. വേദനകൊണ്ട് നിലവിളിച്ച ദീപികയെ ബലമായി കസേരയിലിരുത്തി, കൈകള്‍ ഷാളുപയോഗിച്ച് കെട്ടിവച്ചി. തക്കാളിക്കറി ഉണ്ടാക്കി വച്ചിരുന്ന പാത്രം മുഖത്ത് വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ദീപിക മുഖം വെട്ടിച്ചു. ഇതോടെ കറി ശരീരത്തിന്റെ പല ഭാഗത്തും വീഴുകയായിരുന്നു. ഇതിന് പിന്നാലെ കറിപ്പാത്രം കൈത്തണ്ടയില്‍ വച്ച് പൊള്ളിച്ചു.

ഇതിന് പിന്നാലെ പാത്രം വീണ്ടും ചൂടാക്കി കുത്തിപ്പിടിച്ച് ഇരുത്തി ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ പുറക് വശം പൊക്കി മുതുകത്ത് വച്ച് പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക് പൊട് വാരിയിട്ട ശേഷം വീണ്ടും മര്‍ദ്ദിച്ചു. കെട്ടഴിച്ച് വിട്ടതോടെ ഉപദ്രവിക്കരുതെന്ന് കാലില്‍ വീണ് അപേക്ഷിച്ചതോടെ മുഖത്ത് അടിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആര്‍ വിശദമാക്കുന്നത്.

കഴിഞ്ഞ ഒരുമാസമായി ദീപികയ്ക്ക് നേരെ ലോഹിതയുടെ ഭാഗത്തുനിന്ന് പലതരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദീപികയെക്കൊണ്ട് തനിക്കാവശ്യമുള്ള ജോലികള്‍ ചെയ്യിക്കുന്ന സ്വഭാവം ലോഹിതയ്ക്കുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

ഹോസ്റ്റലില്‍ തുടക്കം മുതല്‍ 49-ാം നമ്പര്‍ മുറിയിലാണ് ഇരുവരുമുണ്ടായിരുന്നത്. കഴിഞ്ഞ 18-നാണ് ദീപികയ്ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഭയന്നുപോയ ദീപിക ആരോടും വിവരങ്ങള്‍ പറയാതെ നാട്ടിലേക്ക് പോകുകയായിരുന്നു. നാട്ടിലെത്തിയ ദീപിക വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. അവിടെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ ഹോസ്റ്റലില്‍ വിവരങ്ങള്‍ അറിയിച്ചപ്പോഴാണ് വിവരം മറ്റുള്ളവര്‍ അറിയുന്നതും പോലീസിന് വിവരം കൈമാറുന്നതും. ദീപിക നാട്ടിലേക്ക് പോയതിന് പിന്നാലെ ലോഹിതയും നാട്ടിലേക്ക് പോയിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ലോഹിത ഇപ്പോള്‍ റിമാന്‍ഡിലാണ്.

Back to top button
error: