CrimeNEWS

പിണങ്ങിയതിന് പ്രതികാരം; യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

വയനാട്: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്റര്‍ (29) ആണ് അമ്പലവയല്‍ പോലീസിന്റെ പിടിയിലായത്. പരിചയക്കാരായ രണ്ടുപേരുടെ മൊബൈല്‍ നമ്പറുപയോഗിച്ച് അവരറിയാതെ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അമ്പലവയല്‍ പോലീസ് ഇയാളെ പിടികൂടിയത്.

എം.ബി.എ. ബിരുദധാരിയായ അജിന്‍ പീറ്റര്‍ പരാതിക്കാരിയായ സ്ത്രീയുമായി മുന്‍പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പിണങ്ങിയശേഷമാണ് പരാതിക്കാരിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അമ്പലവയല്‍ ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപത്തെ ഇറച്ചിക്കടയിലെ കര്‍ണാടക സ്വദേശിയായ ജീവനക്കാരന്റെ നമ്പറുപയോഗിച്ചാണ് ഇയാള്‍ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കിയത്. ജീവനക്കാരനുമായി സൗഹൃദമുണ്ടാക്കിയശേഷം പ്രതി ഇയാളറിയാതെ നമ്പര്‍ ഉപയോഗിക്കുകയായിരുന്നു. പിന്നീട്, അശ്ലീല വീഡിയോകളില്‍ പരാതിക്കാരിയുടെ തല മോര്‍ഫുചെയ്ത് ചേര്‍ക്കുകയായിരുന്നു. തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍നമ്പറും ഇതേരീതിയില്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി.

കോളജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ എന്ന തലക്കെട്ടോടെ പിന്നീടിത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പരാതിക്കാരിയുടെ അയല്‍വാസികളുടെ വാട്‌സാപ്പ് നമ്പറിലേക്ക് ഈ വീഡിയോ അയക്കുകയും ചെയ്തു. പോലീസ് ഫോണ്‍നമ്പറിന്റെ ഉടമകളെ ചോദ്യംചെയ്തപ്പോഴാണ് യഥാര്‍ഥ പ്രതിയിലേക്കുളള സൂചനകള്‍ ലഭിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: