IndiaNEWS

ബൈക്ക് എങ്ങനെയാണ് ട്രെയിനിൽ കൊണ്ടുപോകുക ?

ട്രെയിനിൽ രണ്ടു രീതിയിൽ ബൈക്കുകൾ കൊണ്ടുപോകാം. ഒന്ന് പാർസൽ ആയിട്ട്, മറ്റൊന്ന് ലഗേജ് ആയിട്ട്. പാർസൽ ആയിട്ടാണ് ബൈക്ക് കൊണ്ടു പോകാൻ നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസം വണ്ടി കൊണ്ടു പോയാൽ മതിയാകും. അങ്ങനെ ആണെങ്കിൽ യാത്ര ചെയ്യുന്നതിന്റെ 3 മണിക്കൂർ നേരത്തെ എങ്കിലും സ്റ്റേഷനിൽ എത്തുന്നത് നല്ലതായിരിക്കും.
ഇനി ലഗേജ് ആയിട്ടാണ് കൊണ്ടു പോകുന്നതെങ്കിൽ നിങ്ങൾ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ മുൻകൂട്ടി ബുക്ക് ചെയ്യണം. കാരണം നിങ്ങൾ യാത്ര ചെയ്യുന്ന അതേ ട്രയിനിൽ തന്നെയാണ് നിങ്ങളുടെ ബൈക്കും കൊണ്ടു പോവുക.

ബൈക്ക് ട്രയിനിൽ കൊണ്ടുപോകാൻ റെയിൽവേ പാർസൽ ഓഫീസിൽ നിന്ന്ആ വശ്യപ്പെടുന്ന കാര്യങ്ങൾ ഇനി പറയുന്നവയാണ്. വണ്ടിയുടെ രേഖ ആയിട്ട് RC ബുക്ക് ഒറിജിനലും അതിന്റെ ഫോട്ടോ കോപ്പിയും, വണ്ടിയുടെ ഇൻഷൂറൻസ് അടച്ച കോപ്പിയും കരുതുക. അതിന്റെ കൂടെ നിങ്ങളുടെ ലൈസൻസ്‌, ആധാർ, ഇലക്ഷൻ ഐഡി അതിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതുക.

ഇനി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങള്‍ : അയക്കേണ്ട ബൈക്കിന്‍റെ ഇന്ധന ടാങ്കില്‍ നിന്നും മുഴുവന്‍ പെട്രോളും നീക്കം ചെയ്യണം. വണ്ടിയുടെ ഫൈബർ, മെറ്റൽ, പൊട്ടാൻ ഇടയുള്ള സാധനങ്ങൾ (റിയര്‍വ്യൂ മിററുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവ) എന്നിവ തെർമോക്കോൾ, ചാക്ക്, ചണം എന്നിവ കൊണ്ട് നന്നായി പൊതിയുക. വേണമെങ്കിൽ നമുക്ക് സ്വന്തമായി പാക്ക് ചെയ്യാം. അല്ലെങ്കില്‍ പോർട്ടർമാർ ചെയ്ത് തരും. പാക്കിംഗ് ചാർജ് കൊടുക്കേണ്ടി വരുമെന്ന് മാത്രം.

പാര്‍സല്‍ ഓഫീസില്‍ നിന്നും വാങ്ങിയ പാര്‍സല്‍/ ലഗേജ് ഫോറം പൂരിപ്പിച്ച് മേല്‍പ്പറഞ്ഞ രേഖകള്‍ ചേർത്ത് കൊടുക്കുക. എവിടേക്കാണ് അയ്ക്കുന്നത്, അയയ്ക്കുന്ന ആളുടെ വിലാസം‌, സ്വീകരിക്കുന്ന ആളുടെ വിലാസം‌, വണ്ടി നമ്പര്‍ , ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുക.വണ്ടി സ്വന്തം പേരില്‍ അല്ലെങ്കില്‍ ആര്‍സി ബുക്കിലെ ഉടമ നല്‍കിയ സമ്മതപത്രവും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും നല്‍കണം.

ലഗേജ് ആണെങ്കിൽ അതേ വണ്ടിയിൽ തന്നെ അവർ കയറ്റി വിടും. പാർസൽ ആണെങ്കിൽ ആ ദിശയിൽ പോകുന്ന ഏതെങ്കിലും വണ്ടിയിൽ കയറ്റി വിടും.

എത്തേണ്ട സ്റ്റേഷനില്‍ വാഹനം എത്തിയാല്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് വിളി വരും. ബൈക്ക് ആരുടെ പേരിലാണോ അയച്ചിരിക്കുന്നത്, ആ വ്യക്തി തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് ഹാജരായി ബൈക്ക് സ്വീകരിക്കാം. ആദ്യത്തെ ആറ് മണിക്കൂര്‍ വരെ ബൈക്ക് സ്റ്റേഷനില്‍ സൗജന്യമായി സൂക്ഷിക്കും.‍ പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപ വച്ച് നല്‍കേണ്ടി വരും.

Back to top button
error: