FeatureNEWS

ഒരു മഴഭ്രാന്തന്റെ തോന്ന്യാക്ഷരങ്ങൾ

ണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ജൂൺ തുടങ്ങിയാൽ പിന്നീടങ്ങോട്ട് പേമാരിയാണ്.ഇടവപ്പാതിയുടെ പേക്കൂത്തുകൾ.കറുത്ത് വരുന്ന ആകാശക്കുടയ്ക്കു കീഴിൽ നേരത്തെ മുഴങ്ങുന്ന സ്‌കൂൾ മണികൾ.
രാവിലെ തുടങ്ങുന്ന മഴയിൽ സ്‌കൂൾ ജീവിതം പോലും ബുദ്ധിമുട്ടായി മാറിത്തുടങ്ങും. ഉണങ്ങാത്ത വസ്ത്രങ്ങളുടെ ഗന്ധം, അതിങ്ങനെ ദേഹത്തൊട്ടി കിടക്കുന്നതിന്റെ അസ്വസ്ഥതകൾ, ഇടയ്ക്കിടയ്ക്ക് ചില വീടുകൾ മഴയെടുത്തു പോയെന്ന ആവലാതികൾ, ഉരുൾ പൊട്ടലുകൾ… ഇടവപ്പാതിയോടുള്ള പ്രണയം ചില നേരങ്ങളിൽ ഭയത്തിന്റേതായി മാറും.
വീടിനു മുന്നിലെ നീണ്ടു കുറുകിയ തോടിന്റെ ഉള്ളിലൂടെ വരമ്പില്ലാതെ ഒഴുകുന്ന കുഞ്ഞരുവിയിൽ കാലു നനച്ച് തന്നെ വേണം സ്കൂളെത്താൻ. സൈക്കിൾ മാത്രം കടന്നു പോകുന്ന കുഞ്ഞു നാട്ടുവഴികൾ ഇന്ന് കാറു പായുന്ന കോൺക്രീറ്റ് റോഡുകളാകുമ്പോൾ നഷ്ടപ്പെട്ട സ്‌കൂൾ കാലത്തിനൊപ്പം ഓർമ്മയായ തോടിന്റെ നെടുവീർപ്പുകളും നെഞ്ചിനെ കുത്തുന്നു.
ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്താണ്-മഴയ്ക്ക് ക്ലാര എന്നൊരു പര്യായം കൂടി ഉണ്ടെന്ന് മനസ്സിലാക്കുന്നത്.മണ്ണാറത്തൊടി ജയകൃഷ്ണന്റെ മനസ്സിൽ ഒരു കുളിർമഴയായി പെയ്തിറങ്ങിയ അതേ ക്ലാര! അവസാനം പെയ്തൊഴിയാൻ കാത്തിരുന്ന ഒരു മഴയുടെ വെമ്പലോടെ അടക്കിപ്പിടിച്ച കണ്ണീരുമായി ക്ലാര ട്രെയിനിൽ കയറി പോകുമ്പോൾ മണ്ണാറത്തൊടി ജയകൃഷ്ണനോടൊപ്പം കരഞ്ഞത് ഒരുപാട് പേരായിരുന്നു.
 പിന്നെയൊരിക്കൽ പെയ്ത മഴയോടൊപ്പം ആലിപ്പഴവും പൊഴിയുന്നുണ്ടായിരുന്നു.ആ മഴയുടെ പര്യായം പക്ഷെ മിനിക്കുട്ടി എന്നായിരുന്നു.പ്രിൻസ് എന്ന ചിത്രകാരൻ ക്യാൻവാസിനുമപ്പുറത്ത് ചായങ്ങളില്ലാതെ തന്നെ കോറിയിട്ട ഒരു കൗമാരചിത്രം.
 മാത്യു മറ്റത്തിന്റെ തൂലികയിൽ വിരിഞ്ഞ ഏറ്റവും ഹൃദയസ്പർശിയായ ഒരു  നോവലായിരുന്നു ആലിപ്പഴം(ഇത് പിന്നെ സീരിയൽ ആയിട്ടുണ്ട്) അതിലെ  നായികയായിരുന്നു മിനിക്കുട്ടി.പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള കൗമാര നായിക.(പാൽ വിൽപ്പനയ്ക്കെത്തിയ മിനിക്കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ പ്രിൻസ് എന്ന ചിത്രകാരന്റെ കൂടി കഥയായിരുന്നു അത്) 1988-ഏപ്രിലിൽ ആണ് മംഗളം വാരികയിൽ ആലിപ്പഴം എന്ന നോവൽ ആരംഭിക്കുന്നത്.വെള്ളയുടുപ്പുമിട്ട് അമ്പലത്തിൽ നിന്നും പാടവരമ്പിലൂടെ മഴ നനഞ്ഞു വരുന്ന
മിനിക്കുട്ടിയുടെ ആ മോഹനചിത്രം  ഇന്നും മനസ്സിലുണ്ട്.മോഹൻ മണിമലയായിരുന്നു(ആർട്ടിസ്റ്റ് മോഹൻ) അത് വരച്ചത്.ഒരു കൗമാരക്കാരിയുടെ ശരീരത്തിന്റെ ഓരോ തുടിപ്പുകളും വ്യക്തമാക്കുന്ന അപാരമായ ഒരു ചിത്രം!
 ക്ലാരയാകട്ടെ പത്മരാജൻ എന്ന മലയാളികളുടെ ഗന്ധർവ്വന്റെ കരങ്ങളിൽക്കൂടി നേരെ ഭൂമിയിലേക്ക് ഇറങ്ങിവന്നവളായിരുന്നു-ഉദകപ്പോള
എന്ന നോവലിലൂടെ.പിന്നെയാണ് അത് തൂവാനത്തുമ്പികൾ എന്ന പേരിൽ സിനിമയാകുന്നത്.പത്മരാജന്റ കൈയ്യൊപ്പ് പതിഞ്ഞ
ചിത്രങ്ങളിൽ ഏറ്റവും മികച്ച ഒന്നുതന്നെയായിരുന്നു-തൂവാനത്തുമ്പികൾ.
 എന്നാൽ എന്നെ ഇതിൽ ഏറെ ആകർഷിച്ച ഒരു ഘടകം മഴയായിരുന്നു.ആദ്യാവസാനം വരെ
മറ്റൊരു കഥാപാത്രമായി മഴ പെയ്യുന്നുണ്ട്,രണ്ടു കഥകളിലും.കഥയിൽ മാത്രമല്ല, കഥാപാത്രങ്ങളുടെ കണ്ണുകളിൽ പോലും!
പെയ്തൊഴിയുന്ന മഴ പോലെ വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു…
മണ്ണാറത്തൊടിയിലെവിടെയോ പെയ്യാൻ കൊതിച്ചൊരു കാർമേഘമായി ക്ലാര ഇന്നും കാത്തിരിക്കുന്നുണ്ടാവാം.മിനിക്കുട്ടിയാവട്ടെ കനമുള്ളൊരു ആലിപ്പഴമായി വായനക്കാരന്റെ ഇടനെഞ്ചിൽ ഇന്നും പതിച്ചുകൊണ്ടിരിക്കുന്നു.
“ഞാൻ ഇപ്പോഴും ഓർക്കും.. ഓരോ മുഖംകാണുമ്പോഴും ഓർക്കും” -ക്ലാര പറയുമ്പോൾ
ജയകൃഷ്ണന്‍ പറയുന്നു…
“മുഖങ്ങളുടെ എണ്ണം അങ്ങിനെകൂടിക്കൊണ്ടിരിക്കുകയല്ലേ…
അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും…”
“മറക്കുമോ..”
“പിന്നെ മറക്കാതെ..”
“#പക്ഷേ എനിക്ക് മറക്കണ്ട…”
ക്ലാരയുടെ ആ മറുപടിയായിരുന്നു തൂവാനത്തുമ്പികൾ എന്ന സിനിമ.
മഴയുടെ വരവ് അറിയുന്നത് ശബ്ദത്തിലൂടെയാവണം.എന്ത് രസമാണ് ആ ഇരമ്പം കേൾക്കാൻതന്നെ.
പ്രത്യേകിച്ച്, രാത്രിയുടെ ഏകാന്തതയിൽ ഇരുട്ടിന്റെ ഘനപ്പെട്ട നിശബ്ദതക്കുള്ളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ..!

Back to top button
error: