KeralaNEWS

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം. ബാലരാമപുരം സ്വദേശി സുധീറാണ് ആക്രമിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്നു വൈകിട്ടോടെയായിരുന്നു സംഭവം. ചികിത്സയ്ക്കിടെ ന്യൂറോ സർജറി വിഭാഗത്തിലെ രണ്ടു ഡോക്ടർമാരെ ഇയാൾ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. ഡോക്ടർമാരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ആശുപത്രി സംരക്ഷണ ഓർഡിനൻസ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസാണിത്.

2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്നലെ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ആരോഗ്യപ്രവർത്തകർക്കുനേരെ അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവു ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.

വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ്. അല്ലെങ്കിൽ 10000 രൂപ പിഴയോ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം. അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകൾ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

Back to top button
error: