LocalNEWS

കോട്ടയം റെയില്‍വേ സ്റ്റേഷന്റെ  രണ്ടാം കവാടം ഓഗസ്റ്റില്‍ തുറന്നു കൊടുക്കും 

കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ ഗുഡ് ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടം ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു.ഇതോടനുബന്ധിച്ചുള്ള പാര്‍ക്കിങ് സൗകര്യങ്ങളും പൂര്‍ത്തിയായി വരുന്നതായി എംപി പറഞ്ഞു.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങൾ എംപിയുടെ നേതൃത്വത്തിൽ ഇന്ന് വിലയിരുത്തി. അഞ്ചു പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവര്‍ബ്രിഡ്ജിനും അനുബന്ധമായി എസ്‌കലേറ്ററുകള്‍ നിര്‍മിക്കുന്നതിനുമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും എംപി അറിയിച്ചു. അടുത്ത വര്‍ഷം ജനുവരിയോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും എംപി വ്യക്തമാക്കി.
തോമസ് ചാഴികാടന്‍ എം.പി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സജീന്ദ്രര്‍ ശര്‍മ്മ,സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ വിജു.വി.എന്‍,സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അരുണ്‍,ചീഫ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്ഷന്‍) രാജഗോപാല്‍,ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍ സുനില്‍ കുമാര്‍,സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് എന്നിവര്‍ പങ്കെടുത്തു.
നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്‌സ്പ്രസ്സ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തണമെന്നും, ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന കൊച്ചുവേളി- ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്‌റ് എക്‌സ്പ്രസ്സ് പ്രതിദിന സര്‍വീസ് ആക്കണമെന്നും, തിരുവനതപുരം-മംഗലാപുരം റൂട്ടില്‍ വാരാന്ത്യ സൂപ്പര്‍ഫാസ്‌റ് സര്‍വീസ് ആരംഭിക്കണമെന്നും, ബാംഗ്ലൂര്‍ റൂട്ടിലെ തിരക്ക് പരിഗണിച്ചു പുതിയ ട്രെയിന്‍ ആരംഭിക്കണമെന്നും, തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സിനു പുതിയ എല്‍എച്ച്‌ബി കോച്ചുകള്‍ അനുവദിക്കണമെന്നും, കോട്ടയം എറണാകുളം റൂട്ടില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ തുടങ്ങണമെന്നും യോഗത്തില്‍ എം.പി ആവശ്യപ്പെട്ടു.

Back to top button
error: