CrimeNEWS

ആലപ്പുഴയിൽ കള്ളുഷാപ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ

ചാരുംമൂട്: ആലപ്പുഴയിൽ കള്ളുഷാപ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ ചാമക്കാല വിള തെക്കേതിൽ സജീവിനെ (43) അക്രമിച്ച കേസിലെ പ്രതി തലക്കോട്ട് കിഴക്കേതിൽ അപ്പുണ്ണി എന്നു വിളിക്കുന്ന അരുൺ ( 24 ) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18 ന് വൈകിട്ട് നാലിന് ആദിക്കാട്ടുകുളങ്ങര കള്ള് ഷാപ്പിന് സമീപം വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ആദിക്കാട്ടുകുളങ്ങര ഷാപ്പിൽ കള്ളു കുടിക്കാനെത്തിയതായിരുന്നു പ്രതിയായ അരുൺ. ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ കള്ളു നിറച്ച കുപ്പിയെടുത്ത് സജീവനെ അക്രമിക്കുകയായിരുന്നു. അക്രമണത്തിൽ സജീവന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും വലതുകൈ ഒടിയുകയും ചെയ്തു. പരിക്കേറ്റ സജീവനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതോടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ലഹരി മരുന്നിന് അടിമയായ അരുൺ നിരവധി അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് കേസെടുത്തതോടെ അരുൺ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ എറണാകുളം കളമശ്ശേരിലുള്ള ഫാൽക്കൺ എന്ന കമ്പനിയിലെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യുകയാണെന്ന് മനസ്സിലാക്കി. തുടർന്ന് കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നടത്തിയ അന്വേഷണത്തിൽ ഫാൽക്കൺ കമ്പനിയുടെ വാഹനവുമായി ഡ്രൈവിങ് ഡ്യൂട്ടിക്ക് പോയി തിരിച്ചു വരുന്ന വഴിയിൽ വച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ എസ്.ഐ നിധീഷ് എസ്. ഐ ബിന്ദു രാജ് സി. പി , ഒ മാരായ വിഷ്ണു, ജയേഷ് ബിജു എന്നിവരും ഉണ്ടായിരുന്നു.

Back to top button
error: