തിരുവനന്തപുരം: വിവാദമായ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവെച്ചു. വിദഗ്ധസമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം വരുന്നത് വരെ നടപടികൾ നിർത്തിവെക്കാൻ സർക്കാർ കെഎസ്‌ബി ചെയർമാന് കത്ത് നൽകി. കഴിഞ്ഞ 24 ന് നൽകിയ കത്തിന്റെ വിവരം സിഐടിയു, ഐഎൻടിയുസി നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് മന്ത്രി വ്യക്തമാക്കിയത്. കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതിയെ ഇടത് – വലത് യൂണിയനുകൾ തുടക്കം മുതൽ അതിശക്തമായി എതിർത്തിരുന്നു. കേന്ദ്ര സബ്സിഡി ലഭിക്കണമെങ്കിൽ സ്മാർട്ട് മീറ്റർ വെക്കാതെ പറ്റില്ലെന്ന നിലപാടിലായിരുന്നു കെഎസ്ഇബി. മീറ്ററിനുള്ള 9000 രൂപ ഉപഭോക്താവിൽ നിന്നും ഈടാക്കാനുള്ള തീരുമാനമാണ് ഏറ്റവും വലിയ പ്രതിഷേധത്തിനിടയാക്കിയത്. മീറ്റർ റീഡിംഗ് എടുക്കാനുള്ള ചുമതല സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള തീരുമാനവും വിവാദത്തിലായിരുന്നു.
ഇന്ന് സിഐടിയു, ഐഎൻടിയുസി നേതാക്കളായ എളമരം കരീമും ആർ.ചന്ദ്രശേഖരനുമായി വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനമെടുത്തത്. സംശയങ്ങൾ മാറാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന നിലപാട് യൂണിയൻ നേതാക്കളെടുത്തു. അതിനിടെയാണ് കഴിഞ്ഞ 24ന് ഊർജ്ജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെഎസ്‌ഇബി ചെയർമാന് പദ്ധതി മരവിപ്പിക്കുന്നതിന് നിർദ്ദേശം നൽകുന്ന കത്ത് പുറത്തുവിടുന്നത്. കഴിഞ്ഞമാസം തന്നെ സർക്കാർ തീരുമാനിച്ചിട്ടും കെഎസ്ഇബി പദ്ധതിയുമായി മുന്നോട്ട് പോയത് ദുരൂഹമാണ്. പദ്ധതിയെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച് വിദഗ്ധസമിതി നൽകുന്ന റിപ്പോർട്ടിൽ സർക്കാർ തീരുമാനം വന്നശേഷമേ ഇനി സ്മാർട്ട് മീറ്റർ പദ്ധതിയിലേക്ക് കടക്കൂ എന്നാണ് ഉറപ്പ്
വൈദ്യുതി മീറ്ററുകള്‍ ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനായിരുന്നു തീരുമാനം. വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന പരിഷ്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഊര്‍ജ്ജ മാന്ത്രാലയം സ്മാര്ട് മീറ്ററുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദശിച്ചത്. വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കാരിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് കേന്ദ്രസര്‍ക്കാര്‍ ടോട്ടക്‌സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം കൊണ്ടുവന്നതെന്നും ഇതിന് വഴങ്ങേണ്ട എന്നുമായിരുന്നു തൊഴിലാളികളുടെ നിലപാട്.
ഈ സംവിധാനം വരുന്നതോടെ ഉപയോഗ ശേഷം പണം നൽകുന്ന നിലവിലെ സമ്പ്രദായം അവസാനിക്കും. വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരും. അങ്ങിനെ വരുമ്പോൾ മീറ്ററിൽ പണമില്ലെങ്കിൽ വീട്ടിൽ താനേ കറണ്ടില്ലാതാകും. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി കമ്പനികൾ നഷ്ടക്കണക്കിൽ മുന്നോട്ട് പോകുന്ന സ്ഥിതി പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇത് പ്രകാരം 25 ശതമാനത്തിലധികം വൈദ്യുത പ്രസരണ വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ 2023 ഡിസംബറിന് മുൻപ് സ്മാർട്ട് മീറ്റർ സ്ഥാപിക്കണം. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കും അനുമതിയുണ്ട്. സ്മാർട് മീറ്റര്‍ വരുന്നതോടെ ഓരോ മേഖലയിലും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാനാവും. അതിനാൽ തന്നെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്മാര്ട് മീറ്റര്‍ സംവിധാനം കൊണ്ടുവരുന്നതെന്ന വിമര്‍ശനവും ശക്തമാണ്.