CrimeNEWS

16 വയസുകാരന്റെ കൈ തല്ലിയൊടിച്ചു, കത്രികകൊണ്ട് കുത്തി; അമ്മയും കാമുകനും അമ്മൂമ്മയും പിടിയില്‍

കൊച്ചി: അമ്മയും അമ്മയുടെ കാമുകനും അമ്മൂമ്മയും ചേര്‍ന്ന് പതിനാറു വയസുകാരന്റെ കൈ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു. സംഭവത്തില്‍ അമ്മ രാജേശ്വരി, അമ്മയുടെ കാമുകന്‍ സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അമ്മയുടെ കാമുകന്‍ വീട്ടില്‍ വരുന്നത് ചോദ്യംചെയ്തതിനാണ് കുട്ടിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ കത്രികകൊണ്ട് മുറിവേല്‍പ്പിച്ചതിന്റെ പാടുകളുമുണ്ട്. ഒരു കൈ പ്ലാസ്റ്റര്‍ ഇട്ട നിലയിലും മറ്റൊരു കൈയ്യില്‍ നീരുവന്ന നിലയിലുമാണെന്ന് പോലീസ് പറഞ്ഞു. ദേഹത്ത് അടിച്ചതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതില്‍ മൂത്ത മകനെയാണ് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടിയെ മുത്തച്ഛനാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തത്. നിലവില്‍ കുട്ടി ബന്ധുവീട്ടിലാണ്.

കുട്ടിയെ മര്‍ദ്ദിച്ച വിവരം പുറത്തു വന്നതിന് പിന്നാലെ പ്രതികള്‍ മൂന്നുപേരും നെടുമ്പാശ്ശേരിക്ക് സമീപം ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Back to top button
error: