ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ക്യൂ നിന്ന് മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ വേഷം മാറിനിന്ന് പിടികൂടുന്നു
ബിവറേജിന് മുന്നിൽ മണിക്കൂറുകളോളം വരി നിന്ന് മദ്യം വാങ്ങി വരുന്നവരെ പുറത്ത് വേഷം മാറി നിന്നുകൊണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി വ്യാപക പരാതി.മാത്രമല്ല, ഇവരുടെ പക്കലുള്ള മദ്യക്കുപ്പികൾ വാങ്ങിവയ്ക്കുകയും ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു.മൂന്നു ലിറ്റർ മദ്യംവരെ ഒരു സമയം ഒരാൾക്ക് വാങ്ങാമെന്നിരിക്കെയാണ് ഇത്.ബില്ല് കാണിച്ചാലും രക്ഷയില്ലെന്നാണ് സ്ഥിതി.
അനുവദിക്കപ്പെട്ട മൂന്നു ലിറ്റർ മദ്യം ആറ് അരലിറ്ററായി വാങ്ങുന്നവരെയാണ് ഇങ്ങനെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ കൂടുതലായും പിടികൂടുന്നത്.ഇത് ബ്ലാക്കിൽ വിൽക്കാൻ വേണ്ടിയാണെന്നാണ് അവരുടെ ഭാഷ്യം.ഏന്നാൽ കേസുകളിലെ തങ്ങളുടെ ‘മാസക്വോട്ട’ തികയ്ക്കാനാണ് ഇതെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്തായാലും വരി നിന്ന് നിയമപരമായി അനുവദിക്കപ്പെട്ട മദ്യം വാങ്ങി വരുന്നവരെ ബിവറേജുകളുടെ മുമ്പിൽ തന്നെ ക്രിമിനലുകളെ പിടികൂടുന്നുതുപോലെ വേഷം മാറി നിന്ന് പിടിക്കുന്നതും എക്സൈസ് ഓഫീസുകളിൽ കൊണ്ടുപോയി ഉപദ്രവിക്കുന്നതും കേസ് എടുക്കുന്നതിനും ഒന്നും ഒരു ന്യായീകരണവുമില്ല.ഇനി ബ്ലാക്കിൽ വിൽക്കാനാണെങ്കിൽ തന്നെ വിൽക്കുന്ന സമയത്ത് അത്തരക്കാരെ കൈയോടെ പിടികൂടുകയുമാണ് ചെയ്യേണ്ടത്.
അവധികളും ആഘോഷങ്ങളുമൊക്കെ മുന്നിൽക്കണ്ടാണ് ആളുകളിൽ പലരും ഒന്നിച്ചു മൂന്നു ലിറ്റർ-അതിനി ആറ് അരലിറ്ററായാണെങ്കിൽക്കൂടി ഇങ്ങനെ വാങ്ങുന്നത്.കാരണം ഈ സമയങ്ങളിൽ ബിവറേജസിന് മുന്നിൽ നീണ്ട വരിയാകും എപ്പോഴുമുണ്ടാവുക. അവരെ പിടികൂടുന്നതിനോ കേസ് എടുക്കുന്നതിനോ എക്സൈസിന് അധികാരമില്ല.ബില്ലോടു കൂടിയാണ് അവർ മദ്യം വാങ്ങുന്നതെന്നിരിക്കെ പ്രത്യേകിച്ചും.
വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ അളവിൽ കൂടുതൽ മദ്യം ആ വാഹനത്തിൽ ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്യാം.വാഹനവും പിടിച്ചെടുക്കാം ഇല്ലെങ്കിൽ ബ്ലാക്കിൽ വിൽക്കുമ്പോൾ അറസ്റ്റ് ചെയ്യണം.അല്ലാതെ കാടടച്ചു വെടിവയ്ക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്.
കേരളത്തിലെ പല ബിവറേജുകളുടെ മുന്നിലും ഇതൊരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.ഇങ്ങനെ ഒരു ദിവസം പലരിൽ നിന്നായി പിടികൂടുന്ന മദ്യക്കുപ്പികൾ ഒക്കെ എവിടേക്ക് പോകുന്നുവെന്ന് ആർക്കും അറിയുകയുമില്ല.സാധാരണക്കാരേക്കാ ൾ വലിയ ബ്ലാക്ക് വിൽപ്പനക്കാരായി എക്സൈസ് സംഘം മാറുന്നു എന്നാണ് പരക്കെയുള്ള ആക്ഷേപം.