CrimeNEWS

കാലടിയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; വാഹനവും പിടിച്ചെടുത്തു

എറണാകുളം: കാലടിയില്‍ മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറേയും വാഹനത്തേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാലടി അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏഞ്ചല്‍ ബസാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് പരിശോധനയില്‍ ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിലെ യാത്രക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എഞ്ചല്‍ ബസിനെതിരെ മുമ്പും നിരവധി പരാതി വന്നിട്ടുണ്ട്.

അതിനിടെ, തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ദേശീയപാതയില്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂര്‍ (59) ആണ് മരിച്ചത്.

ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാര്‍പായ അഴിഞ്ഞ് പോയത് കെട്ടിയുറപ്പിക്കാനായി ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ഡ്രൈവര്‍. കെട്ടികൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കര്‍ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഗ്യാസ് ടാങ്കര്‍ ഡ്രൈവര്‍ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കര്‍ ലോറി പൂര്‍ണമായും തകര്‍ന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: