ഭോപ്പാല്‍: സുദിപ്തോ സെന്‍ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാമുകനെതിരേ പീഡന പരാതിയുമായി യുവതി രംഗത്തെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവാവ് മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും യുവതി ആരോപിച്ചു.
‘ദ കേരള സ്റ്റോറി’ കണ്ടതിന് പിന്നാലെയാണ് യുവതിയും കാമുകനും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ”പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയത്തിലായതിന് പിന്നാലെ 23 വയസുകാരായ കമിതാക്കള്‍ ഒന്നിച്ചായിരുന്നു താമസം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും മതം മാറാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പരാതിയില്‍ പറയുന്നതെന്നും പോലീസ് വ്യക്തമാക്കി.
യുവതിയും കാമുകനും അടുത്തിടെയാണ് ‘കേരള സ്റ്റോറി’ കണ്ടത്. ഇതിലെ കഥയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. മേയ് പത്തൊന്‍പതിനാണ് യുവതി പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്ലസ്ടു മാത്രമാണ് യുവാവിന്റെ വിദ്യാഭ്യാസ യോഗ്യത, ജോലിയൊന്നും ഇല്ല. എന്നാല്‍, വിദ്യാസമ്പന്നയായ യുവതി സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ ‘ദ കേരള സ്റ്റോറി’ ഇരുനൂറ് കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോഴാണ് ചിത്രം വമ്പന്‍ വിജയം നേടുന്നത്. 15 മുതല്‍ 20 കോടി വരെയാണ് നിര്‍മാണച്ചെലവ്.