IndiaNEWS

മഴയിൽ ഒലിച്ചു പോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

ബംഗളൂരു: നഗരത്തിൽ ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ഒലിച്ചു പോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍.മല്ലേശ്വരം നയന്‍ത് ക്രോസിലെ നിഹാന്‍ ജ്വല്ലറിയില്‍ ആണ് സംഭവം.
അപ്രതീക്ഷിതമായെത്തിയ വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് കാരണമായത്.ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ ഫീച്ചറുകളും ഒലിച്ചുപോയതായാണ് വിവരം.
ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു.കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു.വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും ഒഴുകിപോകുകയായിരുന്നു.
സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്ന് ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് നാശം വിതച്ച്‌ വേനല്‍മഴ തുടരുന്നതോടെ മരണം ഏഴായി ഉയര്‍ന്നു. ബെംഗളൂരുവില്‍ മാത്രം മഴയെടുത്തത് 2 ജീവനുകളാണ്.കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ കാര്‍ മുങ്ങി ഇന്‍ഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖ (22) മരിച്ചതു കൂടാതെ ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടില്‍ ഒലിച്ചുപോയ ലോകേഷ് (31) ന്റെ മൃതദേഹം ബെംഗളൂരു ബൈട്രരായനപുരയിലെ മഴവെള്ളച്ചാലില്‍ നിന്നു കണ്ടെടുത്തു.

കെപി അഗ്രഹാരയിലെ വീടിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോകേഷ് ഒഴുക്കില്‍പെട്ടത്. ഹുന്‍സൂര്‍ സ്വദേശികളായ ഹരീഷ് (42) , സ്വാമി (18), പെരിയപട്ടണയില്‍ നിന്നുള്ള ലോകേഷ് (55), കൊപ്പാള്‍ സ്വദേശി ശ്രീകാന്ത് മേട്ടി (16) എന്നിവര്‍ മിന്നലേറ്റു മരിച്ചു. 2 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിക്കമഗളൂരുവില്‍ മരമൊടിഞ്ഞു വീണ് സ്‌കൂട്ടര്‍ യാത്രികന്‍ വേണുഗോപാലും (58) മരിച്ചു.

 

Signature-ad

 

അടിപ്പാതകളില്‍ തങ്ങിനില്‍ക്കുന്ന വെള്ളം പമ്ബ് ചെയ്തു നീക്കുന്നതിനു പുറമേ ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞുകിടക്കുന്ന ഓടകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തെളിച്ചു വരികയാണ് ഇവിടെ.ഇതിനിടെ മഴ തുടരുന്നത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുമുണ്ട്.കനത്ത മഴയില്‍ അടിപ്പാതകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കാന്‍ ബാരിക്കേഡുകളടക്കം സ്ഥാപിക്കാന്‍ ട്രാഫിക് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Back to top button
error: