LocalNEWS

എന്റെ കേരളം മേള ഇന്നു കൂടി; വിൽപന പൊടിപൊടിക്കുന്നു

കോട്ടയം: നാഗമ്പടം മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് ( മേയ് 22 ) കൂടി മാത്രം. സ്റ്റാളുകൾ സന്ദർശിക്കുന്നതിനും ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഓരോ ദിനവും തിരക്കേറുകയാണ്. കുടുംബശ്രീ, വ്യവസായ വാണിജ്യ വകുപ്പ്, കർഷക ക്ഷേമ കാർഷിക വികസന വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങിയവയുടെ വിപണന സ്റ്റാളുകളിലാണ് തിരക്ക് കൂടുതൽ. 132 വിപണന സ്റ്റാളുകളാണ് മേളയിലുള്ളത്. കുടുംബശ്രീയ്ക്ക് 25 പ്രദർശന വിപണന സ്റ്റാളുകളാണുള്ളത്. പ്രതിദിനം മൂന്ന് ലക്ഷം രൂപയുടെ വിൽപ്പന ഈ സ്റ്റാളുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്‌തെടുത്ത പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ചിപ്പ്‌സ്, അച്ചാറുകൾ, കറിപൗഡറുകൾ, മഞ്ഞൾ പൊടി, വെളിച്ചെണ്ണ, വസ്ത്രങ്ങൾ, കത്തികൾ, പാത്രങ്ങൾ, വൃത്തിയാക്കുന്നതിനുള്ള ലോഷനുകൾ, തുടങ്ങിയവയാണ് കുടുംബശ്രീ സ്റ്റാളുകളിൽ നിന്ന് വിറ്റഴിക്കപ്പെടുന്നത്.

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള 56 സ്റ്റാളുകളിലെ 77 യൂണിറ്റുകളിൽ നിന്നായി പ്രതിദിനം അഞ്ച് ലക്ഷത്തോളം രൂപയുടെ വിൽപ്പനയാണ് ഇവിടെയുണ്ടാകുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ്, മുറ്റം മനോഹരമാക്കുന്നതിനുള്ള ടൈലുകൾ, കയർ, ചകിരി, തടി തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കൾ, സ്‌ക്വാഷ്, ഖാദിഗ്രാമം ഉത്പന്നങ്ങൾ, പാളപാത്രങ്ങൾ, സോളാർ ഹീറ്ററുകൾ, ചക്ക മുറിക്കുന്നതിനുള്ള ഉപകരണം, 20 അടി നീളം കൂട്ടാനാകുന്ന തോട്ടി, അലങ്കാര ചെടികൾ, മൺകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള കോഴിക്കുഞ്ഞുങ്ങൾ, മുട്ട, കോഴിവളം തുടങ്ങിയവും മത്സ്യഫെഡ്, കേരള ഫീഡ്‌സ്, റബ്‌ക്കോ, ഫിഷറീസ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങിയവയുടെ ഉത്പന്ന വിപണന സ്റ്റാളുകളും മേളയിലുണ്ട്.

Back to top button
error: