കോട്ടയം: തദ്ദേശ മത്സ്യകൃഷി ലാഭകരമാക്കാൻ സംരംഭക മനോഭാവത്തോടെ സമീപിക്കണമെന്ന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ. നവ്യ അഭിപ്രായപ്പെട്ടു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ മത്സ്യകൃഷി സാധ്യതകൾ എന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു ഡോ. നവ്യ.
പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ പ്രധാന സ്രോതസ്സാണ് മത്സ്യം. കടലിൽ നിന്ന് ഉപഭോഗത്തിനനുസരിച്ച് മത്സ്യം ലഭ്യമാകാത്തതിനാൽ തദ്ദേശ മത്സ്യകൃഷിയുടെ സാധ്യത വളരെയേറേയാണ്. ഗുണമേന്മയിലും രുചിയിലും ഏറെ മുന്നിട്ടു നിൽക്കുന്ന കേരളത്തിന്റെ തനത് മത്സ്യകൃഷി പിന്നോട്ട് പോകുന്നത് ശാസ്ത്രീയമായ കൃഷിരീതി പരീക്ഷിക്കാത്തതിനാലാണെന്നും സെമിനാർ നിരീക്ഷിച്ചു. കൃഷിക്ക് ആവശ്യമായ സ്രോതസുകളും ഏത് കൃഷിരീതിയും അവലംബിക്കാൻ സാധിക്കുന്ന സാഹചര്യങ്ങളും കേരളത്തിലുണ്ട്. എന്നാൽ മാറ്റം വരേണ്ടത് കൃഷിക്കാരുടെ മനോഭാവത്തിലാണെന്നും സെമിനാർ നിരീക്ഷിച്ചു.
മത്സ്യകൃഷിയിൽ പരമ്പരാഗത കർഷകരുടെ സംഭാവന അവഗണിക്കാനാവില്ല. എന്നാലും നൂതന രീതിയിലുള്ള മത്സ്യ കൃഷിയും പ്രോത്സാഹിപ്പിക്കണം. മറ്റു സ്ഥലങ്ങളിൽ മത്സ്യകൃഷിയിലും കൃഷി രീതിയിലും വരുന്ന പുരോഗമനപരമായ മാറ്റങ്ങൾ നമ്മുടെ നാട്ടിലും അവലംബിക്കാം. സംയോജന കൃഷിരീതിയും പരീക്ഷിക്കാം. നാടൻ ചെറു മത്സ്യങ്ങളായ വയമ്പ് പോലുള്ളവ യെ ഉപേക്ഷിക്കാതെ ഭക്ഷണത്തിനായും മറ്റു വലിയ മത്സ്യങ്ങൾക്ക് ആഹാരമായും ഉപയോഗിക്കാം. ഇവയെ മൂല വർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കാം. വരുമാന വർദ്ധനവിനായി ഫാം ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താം. കൂടാതെ തനത് മത്സ്യങ്ങളായ കരിമീൻ, വരാൻ, കാരി, മുഷി എന്നിവയുടെ നൂതന കൃഷി രീതികളും സെമിനാറിൽ വിവരിച്ചു. സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജാസ്മിൻ കെ. ജോസ് എന്നിവർ പങ്കെടുത്തു.