LocalNEWS

അറിവും അവബോധവും കളി ചിരിയുമായി മാതൃക അങ്കണവാടിയുമായി എന്റെ കേരളം മേളയിൽ വനിതാ ശിശു വികസന വകുപ്പ്

കോട്ടയം: ഓരോ ദിവസങ്ങളിലും ഓരോ നിറങ്ങളാൽ കാണികളിൽ കൗതുകം നിറയ്ക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്. കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഓരോ വ്യത്യസ്ത നിറങ്ങളാൽ സ്റ്റാളുകൾ ഒരുക്കി വെച്ചാണ് ശിശുവികസന വകുപ്പ് കാണികളെ ആകർഷിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമാർന്ന പരിപാടികളാണ് കുട്ടികൾക്കായി ഒരുക്കുന്നത്. വിപണന പ്രദേശന മേളയുടെ ആറാം ദിവസം കൗമാരക്കാർക്കായി ബാലസൗഹൃദകേരളം എന്ന വിഷയത്തിൽ ചിത്രരചന മത്സരം, ക്വിസ് മത്സരം, കുസൃതി ചോദ്യങ്ങൾ, സ്‌പോട്ട് ഡാൻസ്, പാട്ട് തുടങ്ങി നിരവധിയർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.

പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം സമ്മാനവും വനിതാ ശിശു വികസന വകുപ്പ് നൽകുന്നുണ്ട്. ഇതിനെല്ലാം പുറമെ കുട്ടികളെയും കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസിൽ കോട്ടയം സിറ്റിയിൽ ഒരു കറക്കവും ഒരുക്കിയിരുന്നു. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാളിന് അകത്തേക്ക് കടന്നാൽ ഏതൊരാളും തന്റെ കുട്ടിക്കാല ഓർമ്മകളിലെത്തും. വിവിധ വർണങ്ങളാൽ ഒരുക്കിവെച്ച കളിപ്പാട്ടങ്ങൾ, സ്മാർട്ട് അങ്കണവാടികളുടെ പ്രതിരൂപം, അക്ഷരങ്ങൾ പരിചയപ്പെടുത്തുന്ന കുഞ്ഞുപുസ്തകങ്ങൾ തുടങ്ങി കുട്ടികളുടെ ശ്രദ്ധയാകർഷിക്കുന്ന നിരവധി കാര്യങ്ങളാണ് ഇവിടെയുള്ളത്.

Signature-ad

ഫാറ്റ് ഫുഡിനോട് കൂടുതൽ താൽപര്യം കാണിക്കുന്ന പുതു തലമുറയ്ക്ക് വ്യത്യസ്ത രുചിയുണർത്തി ഉപ്പ് മാവ് മുതൽ പുഡിംഗ് വരെയുള്ള വിഭവങ്ങളും ദിനംപ്രതി ഒരുക്കുന്നുണ്ട്. അമൃതം പൊടി കൊണ്ട് തകർപ്പൻ വിഭവങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. കേക്ക്, ഹൽവ, ലഡു എന്നുവേണ്ട എന്തും സ്വാദിഷ്ഠമാക്കാൻ അമൃതം പൊടി മതിയെന്ന് അടിവരയിടുകയാണ് വനിതാ ശിശുവികസന വകുപ്പ്. അമൃതം പൊടി കഴിക്കാൻ കുട്ടികൾ മടി കാണിക്കുന്നതിനാൽ പ്രയോഗിച്ച സൂത്രമാണ് സ്വാദൂറും വിഭവങ്ങളായത്. അങ്കണവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരുമാണ് വിഭവങ്ങൾ ഒരുക്കിയത്. വിഭവങ്ങളുടെ പാചകക്കുറിപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനോടൊപ്പം, പോഷക ഗുണമാർന്ന വ്യത്യസ്തമാർന്ന ജ്യൂസുകളും ഇവിടെയുണ്ട്. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് ഇത് രുചിച്ച് നോക്കാം.

Back to top button
error: