LocalNEWS

തരംഗമായി നഗരത്തിലെ ഡബിൾ ഡെക്കർ യാത്ര; ട്രിപ്പുകൾ ഇന്നു കൂടി മാത്രം

കോട്ടയം: എന്റെ കേരളം മേളയിൽ എത്തുന്നവർക്ക് മികച്ച യാത്രാനുഭവങ്ങൾ സമ്മാനിച്ച് തരംഗമായി മാറിയിരിക്കുകയാണ് കെ എസ് ആർ ടി സി യുടെ ഡബിൾ ഡെക്കർ യാത്ര. ഡബിൾ ഡെക്കറിലേറി നഗരം ചുറ്റി വരുന്നവർക്ക് പറയാനുള്ളത് ഒന്ന് മാത്രം, ‘സംഭവം പൊളിയാണ് ‘. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥമാണ് തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസ് കോട്ടയത്തെത്തിച്ചത്.

മേളയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാളിൽ നിന്നും ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് ആർക്കും സൗജന്യമായി ഒരു റൗണ്ട് നഗരം ചുറ്റി വരാം. കോട്ടയം നാഗമ്പടം മൈതാനത്ത് നിന്നും ആരംഭിക്കുന്ന യാത്ര ബേക്കർ ജംഗ്ഷൻ ചുറ്റി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നിന്നും തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി തിരിച്ച് നാഗമ്പടത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ട്രിപ്പ് രാത്രി ഒമ്പത് മണിക്കാണ് അവസാനിക്കുന്നത്. പ്രായഭേദമില്ലാതെ നിരവധി ആളുകളാണ് ഇതിനകം തന്നെ ഡബിൾ ഡെക്കറിലേറി നഗരം ചുറ്റിയത്.

ദിവസവും ഓരോ മണിക്കൂർ ഇടവിട്ട് ശരാശരി 11 ട്രിപ്പുകൾ വരെയാണ് ബസ് നടത്തുന്നത്. നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം തന്നെ പാട്ടുകൾ പാടിയും താളം പിടിച്ചുമൊക്കെയാണ് ഓരോരുത്തരും തങ്ങളുടെ യാത്ര മനോഹരമാക്കുന്നത്. മേളയ്ക്ക് എത്തുന്നവർക്ക് പുറമേ സ്‌കൂൾ വിദ്യാർത്ഥികൾ, മാധ്യമ പ്രവർത്തകർ, വിവിധ വകുപ്പ് ജീവനക്കാർ, തുടങ്ങി നിരവധിപ്പേരാണ് ഡബിൾ ഡെക്കർ യാത്രയുടെ കൂപ്പണുകൾക്കായി കെ എസ് ആർ ടി സി സ്റ്റാളിലെത്തുന്നത്. മേളയുടെ അവസാന ദിവസമായ ഇന്ന് (മേയ് 22)രാത്രി 9 മണി വരെയാണ് ബസ് കോട്ടയത്ത് സർവീസ് നടത്തുക.

Back to top button
error: