Movie

സിനിമയിലെ മസാലച്ചേരുവകളെ പരിഹസിച്ച ‘സെക്സില്ല സ്റ്റണ്ടില്ല’ എത്തിയിട്ട് ഇന്ന് 47 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

ക്ലീൻ സിനിമ നിർമ്മിക്കാൻ പുറപ്പെട്ട് ഒടുവിൽ മസാല സിനിമയെടുത്ത നിർമ്മാതാവിന്റെ കഥ പറഞ്ഞ ‘സെക്സില്ല സ്റ്റണ്ടില്ല’ പ്രദർശനത്തിനെത്തിയിട്ട് 47 വർഷം. സിനിമയ്ക്കുള്ളിലെ കച്ചവടച്ചേരുവകളെ കളിയാക്കിയ ഈ ചിത്രം 1976 മെയ് 22 നാണ് റിലീസ് ചെയ്‌തത്‌. നിർമ്മാണം റ്റി.ഇ വാസുദേവൻ. സംവിധാനം ബി.എൻ പ്രകാശ്. കഥ വി ദേവൻ. സംഭാഷണം ജഗതി എൻ.കെ ആചാരി.
പ്രധാന താരങ്ങൾ വിൻസന്റ്, ജയഭാരതി, കെ പി എ സി ലളിത, അടൂർ ഭാസി, മണവാളൻ ജോസഫ് എന്നിവർ.

സിനിമാ നിർമ്മാതാവിന് പുതിയ ചിത്രത്തിൽ സെക്‌സ്- സ്റ്റണ്ട് സീനുകൾ  വേണ്ട. തിരക്കഥാകൃത്തിന്റെ കൈയിൽ തൽക്കാലം ഉള്ള കഥയിൽ അന്ന് സിനിമയിൽ ഒഴിച്ച് കൂടാനാവാത്ത ഇവ രണ്ടും വേണ്ടുവോളം ഉണ്ട്. എങ്കിലും കഥാകൃത്ത് കഥ സമർത്ഥമായി അവതരിപ്പിച്ചു. ഗത്യന്തരമില്ലാതെ നിർമ്മാതാവ് വഴങ്ങുന്നതാണ് കഥ.

ജയഭാരതി അവതരിപ്പിക്കുന്ന നർത്തകിക്ക് ക്ളാസിക്കൽ നൃത്തമവതരിപ്പിക്കാൻ അവസരങ്ങൾ ഇല്ലാതിരിക്കേ അവർ കാബറെയിലേയ്ക്ക് തിരിയുന്നു. അവരുടെ മാദകനൃത്തം കാണുന്ന മുതലാളി ബലാൽസംഗത്തിന് മുതിരുന്നു (അതും അവിഭാജ്യഘടകം തന്നെ). ബലാൽക്കാരം നടക്കുന്നതിനിടെ പെണ്ണിനെ രക്ഷിക്കാനായി ആരെങ്കിലും വന്ന് തടയുന്നതും മറ്റൊരു അവിഭാജ്യ സീൻ. നർത്തകിയുടെ അച്ഛനാണ് ഈ രംഗത്ത് വന്ന് മുതലാളിയുമായി സ്റ്റണ്ട് നടത്തുന്നത്.

നായിക ആൺവേഷം കെട്ടി ഓടി രക്ഷപെടുന്നതിനിടയിൽ നായകനെ (വിൻസെന്റ്) കണ്ടുമുട്ടുന്നു. നായകൻ സ്വന്തം വീട്ടിൽ ആ ‘പുരുഷന്’ അഭയം കൊടുത്തു. പക്ഷെ ഒരു കുളിസീൻ പറ്റിച്ചല്ലോ! എന്തൊക്കെ വേണ്ടെന്ന് വച്ചുവോ അതൊക്കെ അവിഭാജ്യങ്ങളായി.

അങ്ങനെ ക്ളീൻ എന്റർടെയിനർ ഉദ്ദേശിച്ച് സിനിമ നിർമ്മിക്കാൻ പുറപ്പെട്ട നിർമ്മാതാവിന് കച്ചവട താൽപര്യങ്ങൾക്ക് വഴങ്ങേണ്ടി വന്നു. നവസിനിമയുടെ വക്താവായി ‘അഭിനയിക്കുന്ന’ സംവിധായകനും, കച്ചവട ഫോർമുലകൾ അത്യന്താപേക്ഷിതം എന്ന വാദങ്ങൾ നിരത്തുന്ന സാങ്കേതിക പ്രവർത്തകരും നിർമാതാവിനെ അനുനയിപ്പിക്കാൻ, വഴി തെറ്റിക്കാൻ സംഘമായി നിൽക്കുന്നു.

ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീമിന്റെ പാട്ടുകളിൽ കാബറേ, മരംചുറ്റി നമ്പറുകൾക്കായിരുന്നു പ്രാധാന്യം. ‘എന്നെയും നിന്നെയും കണ്ട് നാണിക്കും ഏകാന്തരജനിക്കും കുളിരുന്നു’എന്ന പാട്ട് ഭേദപ്പെട്ടു നിന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: