KeralaNEWS

അവിടെ നോട്ട് നിരോധനം, ഇവിടെ നോട്ട് വേട്ട! രാജസ്ഥാനിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍നിന്ന് 2.31 കോടിയും സ്വര്‍ണബിസ്‌ക്കറ്റുകളും കണ്ടെത്തി

ജയ്പുര്‍: രാജസ്ഥാനില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയും സ്വര്‍ണ്ണ ബിസ്‌കറ്റുകളും പിടികൂടി. സര്‍ക്കാര്‍ കെട്ടിടമായ യോജനാഭവനിലെ ബേസ്‌മെന്റില്‍ സൂക്ഷിച്ചനിലയിലായിരുന്നു 2.31 കോടി രൂപയും ഒരു കിലോ വരുന്ന സ്വര്‍ണ്ണ ബിസ്‌കറ്റുകളും. സംഭവത്തില്‍ എട്ടു ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തില്‍ ജയ്പുര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണ്ണവും കണ്ടെത്തിയത്.

”2.31 കോടിയിലേറെ പണവും ഒരു കിലോയോളം വരുന്ന സ്വര്‍ണ്ണ ബിസ്‌കറ്റും ബാഗിലാക്കി സര്‍ക്കാര്‍ കെട്ടിടമായ യോജനാഭവനിലെ ബേസ്‌മെന്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. സി.സി.ടി.വി. അടക്കമുള്ളവ പരിശോധിച്ചു വരുന്നു. വിഷയം മുഖ്യമന്ത്രി അശോക് ഗഹ്ലോതിനെ ധരിപ്പിച്ചിട്ടുണ്ട്” – ജയ്പുര്‍ പോലീസ് കമ്മിഷണര്‍ ആനന്ദ് കുമാര്‍ ശ്രീവാസ്തവയെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

2000 രൂപയുടെ നോട്ട് നിരോധനത്തിന് പിന്നാലെയാണ് വന്‍തോതിലുള്ള അനധികൃത പണം പിടികൂടിയത് എന്നതും ശ്രദ്ധേയമാണ്. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. 2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മേയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ആര്‍.ബി.ഐ. വ്യക്തമാക്കിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: