ന്യൂഡല്‍ഹി: നോയിഡയിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ കാമുകിയെ വെടിവച്ച് കൊന്നശേഷം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ശിവ് നാഡാര്‍ ക്യാംപസിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥി അനൂജ് ആണ് കാമുകി് സ്നേഹയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ക്യാംപസിലെ ഡൈനിങ് ഹാളിന് പുറത്ത് വച്ച് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് വിവരം. പിന്നാലെ സ്നേഹയെ ആലിംഗനം ചെയ്ത ശേഷം അനൂജ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ സ്നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൃത്യത്തിന് ശേഷം ഹോസ്റ്റലില്‍ പോയ അനൂജ് അവിടെ വച്ച് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.