Movie

കുതിരയോട്ട മത്സരത്തിലെ ജോക്കിയായി മമ്മൂട്ടി തകർത്താടിയ ‘ജാക്ക്പോട്ട്’ തീയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 30 വർഷം

സിനിമ ഓർമ്മ
സുനിൽ കെ. ചെറിയാൻ

    കുതിരയോട്ട മത്സര പശ്ചാത്തലത്തിൽ കുടുംബകഥ പറഞ്ഞ ‘ജാക്ക്പോട്ട്’ റിലീസ് ചെയ്‌തിട്ട് 30 വർഷം. ഷാജൂൺ കാര്യാലിന്റെ കഥയിൽ ടി ദാമോദരൻ തിരക്കഥയെഴുതി ജോമോൻ സംവിധാനം ചെയ്‌ത ഈ മമ്മൂട്ടിച്ചിത്രം 1993 മെയ് 20 നാണ് പ്രദർശനത്തിനെത്തിയത്. സിൽവസ്‌റ്റർ സ്റ്റാലൻ അഭിനയിച്ച ‘ഓവർ ദ ടോപ്’ എന്ന ഹോളിവുഡ് ചിത്രവുമായി കഥയ്ക്ക് ബന്ധമുണ്ട്. സ്പോർട്ട്സ് മൽസരത്തിലെ വിജയം എങ്ങനെ വ്യക്തിജീവിതം വീണ്ടെടുക്കുന്നു എന്നതാണ് പ്രമേയം.

ബിച്ചു- ഇളയരാജാ പാട്ടുകൾ ഹിറ്റായിരുന്നു. നിർമ്മാണം വിജയ മൂവീസ്. ഗൗതമി ആയിരുന്നു നായിക. കന്നഡ നടൻ സുദർശന്റെ ഏക മലയാള ചിത്രമാവും ഇത്. വില്ലൻ വേഷത്തിൽ തമിഴ് നടി മഞ്ജുള വിജയകുമാറും ഉണ്ട്.

ഹോഴ്‌സ് റെയ്‌സിൽ കുതിരകളെ പറപ്പിക്കുന്ന ജോക്കിയാണ് മമ്മൂട്ടിയുടെ ഗൗതം. ലക്ഷങ്ങൾ കൊണ്ട് ബെറ്റ് വച്ച് നടത്തുന്ന മത്സരമാണ്. വിജയം സ്ഥിരമായി ഗൗതം പരിശീലിപ്പിക്കുന്ന വിന്നി എന്ന കുതിരക്കു തന്നെ. ശത്രുക്കൾ വിന്നിയെ വെടിവച്ചെങ്കിലും പരിക്ക് ഭേദമായി ക്ളൈമാക്‌സിൽ വീണ്ടും വിജയക്കൊടി പാറിക്കുന്ന വിന്നിയുടെ (ഗൗതമിന്റെയും) തിരിച്ചുവരവാണ് സിനിമയുടെ ഹൈലൈറ്റ്.

ഗൗതം പ്രണയിച്ച് വിവാഹം ചെയ്‌തത് ഒരു സമ്പന്ന പുത്രി ആയതിനാൽ ഭാര്യാവീട്ടുകാരുടെ എതിർപ്പുണ്ട് (മഞ്ജുള, ഐശ്വര്യ അമ്മയും മകളും). പ്രസവാനന്തരം മരിച്ചു പോകുന്നു ഗൗതമിന്റെ ഭാര്യ. കുഞ്ഞ് ഭാര്യാവീട്ടുകാരുടെ സംരക്ഷണയിൽ കഴിയുന്നു. അച്ഛനെ (ഗൗതം) ശത്രുവായി കാണാനാണ് ഭാര്യാവീട്ടുകാർ കുട്ടിയെ പ്രേരിപ്പിക്കുന്നത്. അച്ഛന്റെ കൂടെ ചിലവഴിക്കാൻ കിട്ടിയ സമയം മകന് അച്ഛനോട് അടുപ്പം തോന്നുന്നതും ഒടുവിലത്തെ കുതിരയോട്ട മത്സരവിജയത്തിലൂടെ  കടങ്ങളോടൊപ്പം ‘കണക്കും’ തീർക്കുന്നു ഗൗതം.

‘താഴ്‌വാരം മൺ  പൂവേ’ ആയിരുന്നു ഗാനങ്ങളിൽ ഇമ്പമേറിയത്. ജോമോന്റെ മുൻചിത്രങ്ങളിലും (സാമ്രാജ്യം, അനശ്വരം) ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ചിരുന്നു (താരാപഥം ചേതോഹരം എന്ന പാട്ട്).

നടി മഞ്ജുളയുടെ വ്യക്തിജീവിതത്തിൽ ‘ജാക്‌പോട്ടി’ലെ കഥയുമായി സാമ്യങ്ങളുണ്ടായി. മഞ്ജുളയുടെ മകൾ വനിതയുടെ (‘ഹിറ്റ്ലർ ബ്രദേഴ്‌സി’ൽ അഭിനയിച്ചു) വിവാഹമോചനശേഷം വനിതയുടെ മകന്റെ കസ്റ്റഡി കോടതിവിധിപ്രകാരം മഞ്ജുളയുടെ വീട്ടിൽ ആവുകയും ഒടുവിൽ മകൻ അവന്റെ അച്ഛനോട് ചേരുകയുമാണ്.

Back to top button
error: