Fiction

സമ്പത്തും അധികാരവും കൊണ്ട്  പിടിച്ചുവാങ്ങേണ്ടതല്ല ബഹുമാനം, സ്വഭാവഗുണം കൊണ്ടു നേടിയെടുക്കേണ്ടതാണ്

വെളിച്ചം

    രാജഗുരുവിനെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു.  രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു:

Signature-ad

  “അറിവാണോ സ്വഭാവമാണോ മുഖ്യം…?”

മറുപടി കുറച്ച് ദിവസം കഴിഞ്ഞ് തരാം എന്ന് ഗുരു പറഞ്ഞു.

പിറ്റേ ദിവസം ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ ഇത് രാജാവിനോട് പറഞ്ഞു.  അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല.
കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു:
“എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ പണമെടുത്ത വിവിരം അറിഞ്ഞതുകൊണ്ടാണ് അല്ലേ…?”
രാജാവ് അതു സമ്മതിച്ചു:
“താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു.  സ്വഭാവം മോശമായാല്‍ എത്ര ഉന്നതനെയും ബഹുമാനിക്കാന്‍ നാം മടിക്കും.  അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം.”

ബഹുമാനം പിടിച്ചുവാങ്ങുന്നവരുമുണ്ട്,  അത് സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു നടക്കുന്നത് അയാളുടെ സ്വഭാവ വൈശിഷ്ട്യത്തിനുള്ള സാക്ഷ്യപത്രമല്ല. അത് അവരുടെ സമ്പന്നതയെ ചൂഷണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്.  എന്ന് ഇവയ്ക്ക് നാശം സംഭവിക്കുന്നുവോ അന്ന് ഇതെല്ലാം ഇല്ലാതെയും ആകും..  ബഹുമാനിക്കുക എന്നത് ഒരു വാക്കോ പ്രവൃത്തിയോ അല്ല. അതൊരാള്‍ക്കു മറ്റൊരാളോട് തോന്നുന്ന സ്വാഭാവിക വികാരമാണ്. ആ സ്വാഭാവികത  നേടിയെടുക്കാന്‍ നമുക്കും സാധിക്കട്ടെ.

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: