MovieNEWS

രശ്മികയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഐശ്വര്യ; സ്‌നേഹം മാത്രമെന്ന് രശ്മിക

തെന്നിന്ത്യന്‍ സിനിമാലോകത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ ചുവടുറപ്പിച്ച നടിയാണ് ഐശ്വര്യാ രാജേഷ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കെടുത്ത അഭിമുഖത്തിനിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ കുറച്ചൊന്നുമല്ല അവര്‍ പുലിവാലുപിടിച്ചത്. ‘പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിലെ രശ്മിക അവതരിപ്പിച്ച ശ്രീവള്ളി എന്ന കഥാപാത്രത്തേക്കുറിച്ചായിരുന്നു ഐശ്വര്യാ രാജേഷിന്റെ കമന്റ്. സംഗതി ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയപ്പോള്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം.

പുതിയ ചിത്രമായ ‘ഫര്‍ഹാന’യുടെ പ്രചാരണത്തിനിടെ നടത്തിയ അഭിമുഖത്തില്‍ പുഷ്പയിലെ ശ്രീവള്ളി എന്ന കഥാപാത്രം തനിക്ക് യോജിച്ചതാണെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞിരുന്നു. ഇതോടെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ക്കെതിരെ ഉയര്‍ന്നത്. ഇതോടെയാണ് വിശദീകരണക്കുറിപ്പുമായെത്താന്‍ നടിയെ പ്രേരിപ്പിച്ചത്. തെലുങ്ക് സിനിമയില്‍ എത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ എന്ന ചോദ്യത്തിന് പുഷ്പയില്‍ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പ്രസ്താവനയില്‍ പറഞ്ഞു.

ഞാനുദ്ദേശിച്ച രീതിയിലല്ല ആളുകള്‍ ആ വരി എടുത്തത്. രശ്മിക ‘പുഷ്പ’യില്‍ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിര്‍പ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരുകാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂ. സിനിയിലെ എന്റെ സഹപ്രവര്‍ത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങള്‍ പരത്തുന്നത് നിര്‍ത്തണം – ഐശ്വര്യ ആവശ്യപ്പെട്ടു.

പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇതിന് പ്രതികരണവുമായി രശ്മിക തന്നെ രംഗത്തെത്തി. ഐശ്വര്യാ രാജേഷ് ഉദ്ദേശിച്ചതെന്താണെന്ന് തനിക്ക് മനസിലാവുമെന്ന് രശ്മിക ട്വീറ്റ് ചെയ്തു. നിങ്ങളോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂ. അത് നിങ്ങള്‍ക്കുമറിയാം. ‘ഫര്‍ഹാന’ എന്ന ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും രശ്മിക കുറിച്ചു.

നേരത്തേ നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ‘ഫര്‍ഹാന’യുടെ ഉള്ളടക്കം എന്ന ആരോപണമുയര്‍ത്തി ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്ക്കെതിരെ ശബ്ദമുയര്‍ത്തിയത്. തുടര്‍ന്ന് ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന.’ ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: