ന്യൂഡല്‍ഹി: പ്രണയം തകര്‍ക്കാന്‍ ചാരപ്പണി നടത്തുന്നുവെന്ന് സംശയിച്ച് യുവാവ് റൂമില്‍ കൂടെതാമസിക്കുന്നയാളെ കഴുത്തറുത്തുകൊന്നു. ഗാന്ധി നഗര്‍ ഓള്‍ഡ് സീലംപൂരില്‍ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. കേസില്‍ 20 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലേഡ് ഉപയോഗിച്ചാണ് പ്രതി യുവാവിന്റെ കഴുത്ത് അറുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബിഹാറിലെ സിതാമഡി ജില്ലയിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ് മരിച്ച ശിവനാഥും (22) ) പ്രതി രോഹിത്തും. രോഹിത്ത് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഡല്‍ഹിയിലെത്തിയപ്പോള്‍ ശിവനാഥും രോഹിത്തും മറ്റുചിലര്‍ക്കൊപ്പം ഒരേ മുറിയിലായിരുന്നു താമസം. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം, ശിവനാഥിന്റെ നീക്കങ്ങളില്‍ രോഹിത്തിന് സംശയം തോന്നുകയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശിവനാഥിനെ ചാരപ്പണി ചെയ്യാന്‍ അയച്ചതാണെന്ന് സംശയിക്കുകയും ചെയ്തു. തുടര്‍നന്ന് ശിവനാഥിനെ കൊലപ്പെടുത്താന്‍ രോഹിത്ത് തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.