കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കണമല പുറത്തേല്‍ ചാക്കോച്ചന്‍ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയില്‍ തോമസി (60)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്.
വീടിന്റെ പൂമുഖത്ത് ഇരിക്കുന്നതിനിടയാണ് പാഞ്ഞുവന്ന കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിച്ചത്. തോമസ് തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.
പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ കാലുകള്‍ക്ക് സാരമായ പരിക്കേറ്റു. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരെത്തി. ചാക്കോച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.