TechTRENDING

സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ ട്രാക്കും ബ്ലോക്കും ചെയ്യാം; എങ്ങനെയാണെന്നറിയാം

സ്മാര്‍ട്ട്‌ഫോണുകള്‍ കാണാതാകുന്നതും മോഷ്ടക്കപ്പെടുന്നതുമെല്ലാം സാധാരണ സംഭവങ്ങളാണ്. ഇത്തരം അവസരങ്ങളില്‍ നമ്മളെ സഹായിക്കാനായി ടെലിക്കോം വകുപ്പിന്റെ ടെക്നോളജി ഡെവലപ്മെന്റ് വിഭാഗമായ സി-ഡോട്ട് ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. ‘സഞ്ചാര്‍ സാഥി’ എന്ന പേരിലുള്ള വെബ്‌സൈറ്റാണ് സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ നമ്മളെ സഹായിക്കുന്നത്. ഇതൊരു പൗര കേന്ദ്രീകൃത വെബ്സൈറ്റാണ്. ഈ വെബ്‌സൈറ്റ് മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ ശക്തിപ്പെടുത്താനായിട്ടാണ് വെബ്‌സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ മോഷ്ടിക്കപ്പെട്ടതല്ല എന്ന് ഉറപ്പിക്കാനും ‘സഞ്ചാര്‍ സാഥി’ നമ്മളെ സഹായിക്കും. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഈ വെബ്‌സൈറ്റ് ഉപയോക്താക്കളെ സഹായിക്കുന്നു. ഫോണിന്റെ ഐഎംഇഐ നമ്പരിന്റെ വിശദാംശങ്ങള്‍ നല്‍കി ഫോണ്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാം. ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു.

Signature-ad

ഫോണ്‍ ബ്ലോക്ക് ചെയ്താല്‍, അത് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ഏതൊരു ടെലിക്കോം കമ്പനിയുടെ സിം കാര്‍ഡ് ഇട്ടാലും ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുകയില്ല. നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ എങ്ങനെയാണ് ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്ന് നോക്കാം.

ചെയ്യേണ്ടത് ഇത്ര മാത്രം

സഞ്ചാര്‍ സാഥി വെബ്‌സൈറ്റില്‍ കയറുക

പേര്, ഫോണ്‍ നമ്പര്‍, ഐഎംഇഐ വിവരങ്ങള്‍, ഡിവൈസിന്റെ ബ്രാന്‍ഡ്, മോഡല്‍, ഇന്‍വോയ്‌സ് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ എവിടെയാണ് നഷ്ടപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള നഗരം, ജില്ല, സംസ്ഥാനം, തീയതി എന്നിവയുള്‍പ്പെടെ വിവരങ്ങള്‍ നല്‍കുക

പരാതിയുടെ കോപ്പി, പരാതി നല്‍കിയ പോലീസ് സ്റ്റേഷന്റെ വിശദാംശങ്ങള്‍, പരാതി നമ്പര്‍ എന്നിവ അപ്ലോഡ് ചെയ്യുക.

ഉടമയുടെ വിവരങ്ങളായ പേര്, വിലാസം, ഐഡന്റിറ്റി ഡോക്യുമെന്റേഷന്‍, ഇമെയില്‍ എന്നിവ നല്‍കുക.

പരാതി സമര്‍പ്പിക്കാന്‍ കാപ്ച നല്‍കി ഒടിപി നല്‍കുക.

പ്രഖ്യാപനം സ്വീകരിച്ച് ‘സബ്മിറ്റ്’ ടാപ്പുചെയ്യുക.

നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ സ്മാര്‍ട്ട്‌ഫോണുകള്‍ ട്രാക്ക് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും പുറമെ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ വാങ്ങുന്ന ഫോണ്‍ ഒറിജിനല്‍ ആണോ അല്ലയോ എന്നറിയാനും ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റില്‍ കയറാം. മോഡലിന്റെ പേരിനൊപ്പം അവരുടെ ഫോണിന്റെ ഐഎംഇഐ നമ്പറും പരിശോധിക്കാന്‍ ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ പേരിലുള്ള ഫോണുകളുടെ എണ്ണം അറിയാന്‍ സഹായിക്കുന്ന ഒരു TAFCOP ഫീച്ചറും ഈ വെബ്‌സൈറ്റിലുണ്ട്.

 

Back to top button
error: