KeralaNEWS

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോയിൽ ഇടിച്ചുകയറി അപകടം, നവജാതശിശു ഉൾപ്പെടെ 3 പേർക്ക് ജീവൻ നഷ്ടമായി

തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. മണമ്പൂര്‍ സ്വദേശി മഹേഷിന്റെയും അനുവിന്റെയും 4 ദിവസം പ്രായമായ പെണ്‍കുഞ്ഞ്, അനുവിന്റെ അമ്മ ശോഭ (41), ഓട്ടോ ഡ്രൈവര്‍ സുനില്‍ (34) എന്നിവരാണ് മരിച്ചത്.പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്ത്  വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. അനുവിന്റെ പ്രസവശേഷം എസ്.എ.ടി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണമായ അപകടം. ഓട്ടോറിക്ഷയിൽ ഡ്രൈവറുൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ അനുവിനും ഭര്‍ത്താവ് മഹേഷിനും ഇവരുടെ അഞ്ചുവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. മൂന്നുപേരും ചികിത്സയിലാണ്.

കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്കു വന്ന ബസാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മഹേഷും രണ്ടു കുട്ടികളും ഓട്ടോറിക്ഷയില്‍നിന്നു പുറത്തേക്കു തെറിച്ചുവീണു. ഓട്ടോഡ്രൈവര്‍ സുനില്‍ ബസിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍ കുരുങ്ങിപ്പോയി. നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. അപ്പോഴേക്കും നവജാതശിശു മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓട്ടോഡ്രൈവര്‍ സുനിലും ശോഭയും മരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: