Movie

ഉണ്ണിക്കിടാവിനു നൽകാൻ നെഞ്ചിൽ പാലാഴിയേന്തിയ അമ്മ, സ്നേഹപ്പെയ്ത്തിനാൽ മനം നിറയ്ക്കുന്ന ലോഹിയുടെ അമ്മമാർ…

ജിതേഷ് മംഗലത്ത്

    ലോഹിതദാസിന്റെ അമ്മമാരെ  കുറിച്ചാലോചിക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് കാരുണ്യത്തിലെ അമ്മയാണ്. രണ്ടോ മൂന്നോ ദിവസം മുമ്പ് ഉണ്ടാക്കിവച്ച ഇലയട മകൻ യാത്ര കഴിഞ്ഞു വരുമ്പോൾ ഉറുമ്പുകളെ തട്ടിക്കുടഞ്ഞ് എടുത്ത് കൊടുക്കുന്ന ആ അമ്മ ഏതു വേനലിലും ഉള്ള് തണുപ്പിക്കാറുണ്ട്. ലോഹിയുടെ ഒട്ടുമിക്ക സൃഷ്ടികളെയും പോലെ കാരുണ്യവും ഫോക്കസ് ചെയ്യുന്നത് പിതൃ-പുത്രബന്ധത്തെ തന്നെയാണ്. മുരളിയുടെയും, ജയറാമിന്റെയും മിനിമലിസ്റ്റിക്കും, ഗംഭീരവുമായ പ്രകടനങ്ങൾക്കിടയിലും ജയറാമിന്റെ അമ്മവേഷം അവതരിപ്പിക്കുന്ന അഭിനേത്രി നമ്മെ വിസ്മയിപ്പിക്കുന്നു. അവരും മകനും തമ്മിലുള്ള ആദ്യരംഗത്തു തന്നെ ലോഹിയുടെ അമ്മമാരുടെ ടെംപ്ലേറ്റ് സുന്ദരമായി വിടരാൻ തുടങ്ങുന്നുണ്ട്.

Signature-ad

“നീയിതു പോയിട്ടെത്ര ദിവസായെടാ?” എന്ന് അവർ മകനോടു ചോദിക്കുമ്പോൾ വെറും രണ്ടു ദിവസമല്ലേ ആയുള്ളൂ എന്നയാൾ മറുപടി പറയുന്നുണ്ട്. അപ്പോൾ അമ്മ പറയുന്നതിങ്ങനെയാണ് “രണ്ടോ?രണ്ടൊന്നുമല്ല.കുറേ ദിവസായ പോലെ…”
ലോഹിയുടെ എല്ലാ അമ്മമാരും അങ്ങനെയായിരുന്നു.
കാരുണ്യം ഒരച്ഛന് മകനോട് തോന്നുന്ന വികാരമാണോയെന്ന ഡിബേറ്റിന് ഒരവസാനമില്ലെങ്കിലും ആത്യന്തികമായി അത് ഇരുവർക്കുമിടയിലെ സംഘർഷങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞ ലോകത്തെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിനോടടുക്കുമ്പോൾ സംഭവിക്കുന്ന അമ്മയുടെ മരണത്തോടെ അത് അമ്മ നഷ്ടപ്പെടുമ്പോൾ സമതുലനം നഷ്ടപ്പെടുന്ന ‘ലോഹിയുടെ അകത്തളങ്ങളെ’ പ്രതിനിധീകരിക്കുന്നു. ചൂടാറാത്ത പൊടിയരിക്കഞ്ഞിയൊന്നു വിളമ്പിത്തരാനെങ്കിലും തിരിച്ചുവരില്ലേ എന്നു കേഴുന്നത് ആ മക്കളോ, അച്ഛനോ മാത്രമല്ല; ആ വീട് തന്നെയാണ്.

അച്ഛനും മകനുമിടയിലെ സംഘർഷങ്ങളെ ലാഘവവത്കരിക്കുന്നവരാണ് ലോഹിയുടെ അമ്മമാർ. കിരീടത്തിൽ തിലകനും, മോഹൻലാലും അതിവിചിത്രവും, അതിതീവ്രവുമായി സ്നേഹിച്ചുരുകുമ്പോൾ അവർക്കിടയിൽ കവിയൂർ പൊന്നമ്മയും പെയ്തുതീരുന്നുണ്ട്. ലാവയായി ഉരുകിത്തുടങ്ങുംമുമ്പ് കിരീടം ഷോകേസ് ചെയ്യുന്ന സ്നേഹനിമിഷങ്ങളിൽ പൊന്നമ്മ ലാലിന്റെ തലമുടിയിലൂടെ അരുമയായോടിക്കുന്ന കൈവിരൽ ചലനങ്ങളിൽ ലോഹിയുടെ മാതൃലോകം അതിന്റെ ഏറ്റവും ഉന്മാദിയായ ഗന്ധത്തെ പ്രസരിപ്പിക്കുന്നു. കാരുണ്യത്തിലും സമാനമായൊരു സ്നേഹലോകത്തെ ലോഹി വരച്ചിടുന്നുണ്ട്. കിരീടം തിളച്ചുമറിയുന്നൊരഗ്നിപാതമായി മാറുന്ന വേളയിൽ തിലകൻ ലാലിനെ വീട്ടിൽ കയറുന്നതിൽ നിന്ന് വിലക്കുന്ന ഒരു രംഗമുണ്ട്.
‘ജീവിതം എനിക്ക് കൈവിട്ടുപോകുകയാണ്’ എന്നു പറഞ്ഞ് ലാൽ പടിയിറങ്ങുമ്പോൾ ആ വഴിയിലേക്ക് പൊന്നമ്മ നീട്ടുന്ന നോട്ടത്തിൽ പെയ്തു നിറയുന്നത് ലോഹിയുടെ അമ്മക്കിനാവുകളാണ്. കൈതപ്രം മറ്റൊരിക്കൽ കൂടി ലോഹിയുടെ ലോകം പങ്കിടുന്ന കാഴ്ച്ച കിരീടത്തിലുണ്ട്. ഉണ്ണിക്കിടാവിനു നൽകാൻ നെഞ്ചിൽ പാലാഴിയേന്തിയ അമ്മയ്ക്കൊപ്പം  ആയിരം കൈനീട്ടിനിൽക്കുന്നത് സൂര്യതാപം പോൽ ജ്വലിക്കുന്ന താതഹൃദയമാണ്. കന്മദത്തിൽ ലളിത ലാലിനെ കാണുന്ന രംഗത്ത് ലോഹി എഴുതിച്ചേർക്കുന്നത് അതുവരെയും അയാൾ എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത ഒരു മാതൃ-പുത്രബന്ധമാണ്. അമ്മയായേൽക്കലിൽ നിന്നും മാത്രകൾ കൊണ്ടാണ് അവർ നിരാസത്തിന്റെ ഏകാന്തദ്വീപിലേക്ക് മകനെ എടുത്തെറിയുന്നത്. “ആരാ അത് “എന്ന ഭർത്താവിന്റെ ചോദ്യത്തിന് “ആരോ ” എന്ന അവരുടെ ഉത്തരത്തിൽ വീണുടയുന്നത് മകന്റെ ജീവിതമാണ്. യാദൃശ്ചികമായിരിക്കാം, കന്മദത്തിൽ ഒരു പിതൃബിംബകല്പനയ്ക്ക് ലോഹി മുതിരുന്നില്ല.

ലോഹിതദാസിന്റെ കഥാപ്രപഞ്ചത്തിലെ ഓരോ കഥാപാത്രവും വലിപ്പവ്യത്യാസമില്ലാതെ ഓരോ ജീവിതമാണ്. പെരുവഴിയിലാലംബമില്ലാത്തവരായി വേവുന്നവരായിരുന്നു അയാളുടെ അച്ഛന്മാരും, മക്കളുമെങ്കിൽ അവർക്കായി തീർത്ത നിസ്സഹായമായ സ്നേഹവഴികളായിരുന്നു ആ അമ്മമാരൊക്കെയും തന്നെ.

ലോഹിയെ, ആ തൂലികയിൽ നിന്ന് ഉയിർകൊണ്ട കഥാപാത്രങ്ങളെ ഓർക്കാതെ ഒരു ദിവസവും കടന്നുപോകാറില്ലെന്നതാണ് സത്യം. മിസ്സിംഗ് ദി ലെജൻഡ്‌

Back to top button
error: