KeralaNEWS

നീലഗിരിയിലെ തേയിലത്തോട്ടത്തിൽ നിന്ന് കാസർകോട് കലക്ടറുടെ കസേരയിലേയ്ക്ക്, ദാരിദ്യത്തിന്റെ നടുവിൽ നിന്ന് ഐ.എ.എസ് പദവി നേടിയ കെ ഇൻബശേഖറിന്റെ ജീവീതം അടുത്തറിയാം

  കാസർകോട്ടെ പുതിയ ജില്ലാ കലക്ടർ കെ ഇൻബശേഖറിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. നീലഗിരിയിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന സാധാരണ തൊഴിലാളികളുടെ മകനിൽ നിന്നാണ് രാജ്യത്തെ ഏറ്റവും വലിയ പദവികളിലൊന്നായ ഐഎഎസ് ഇൻബശേഖർ സ്വന്തമാക്കിയത്. കൃഷിയിൽ ബിരുദവും ബിരുദാനന്തരബിരുദം നേടുകയും ഇൻഡ്യൻ കൗൺസിൽ ഫോർ അഗ്രികൾചറൽ റിസർച്ചിൽ ശാസ്ത്രജ്ഞനുമായിരുന്ന കെ ഇൻബശേഖറിന്റെ ബാല്യകാല ജീവിതം പക്ഷേ ദുരിതങ്ങളുടെയും ഇല്ലായ്മയുടെയുമായിരുന്നു.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പന്തല്ലൂരിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന കാളിമുത്തു- ഭൂവതി ദമ്പതികളുടെ മകനാണ് ഇൻബശേഖർ. 1973ല്‍ ശ്രീലങ്കയില്‍നിന്ന് ഇൻഡ്യയിലേക്ക് മടങ്ങിയ തമിഴ് കുടുംബങ്ങളില്‍പ്പെട്ടവരാണ് ഇവർ. പൊടച്ചേരി ഗ്രാമത്തിലാണ്  ഈ കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. തോട്ടം തൊഴിലാളികളുടെ വരുമാനം കുടുംബം പോറ്റാൻ പോലും തികയുമായിരുന്നില്ല.

Signature-ad

പക്ഷേ ഇല്ലായ്മയുടെ നടുവിലും ദമ്പതികൾ മൂന്ന് കുട്ടികൾക്കും വിദ്യാഭ്യാസം നൽകി. പിന്നീട് കാളിമുത്തു തിരുപ്പൂരിലെ തയ്യൽ തൊഴിലിലേക്ക് തിരിഞ്ഞു. ആ കാലത്ത് ജില്ലാ കലക്ടർ ഗ്രാമത്തിൽ വന്നതും പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും ബാലനായ ഇൻബശേഖർ മനസിൽ എവിടെയോ സൂക്ഷിച്ചിരുന്നു. അങ്ങനെയൊരു പദവി സ്വപ്‌നം കാണുകയും ചെയ്തു. ആ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു പിന്നീടുള്ള ജീവിതം. സർക്കാർ സ്‌കൂളിൽ പഠിച്ച അദ്ദേഹം ഒരിക്കലും പഠനത്തിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയില്ല. വഴിയിലെ കാട്ടാനകളുടെ ഭീഷണികൾ വകവെക്കാതെയായിരുന്നു സ്‌കൂളിലേക്കുള്ള യാത്രകൾ.

പ്ലസ് ടുവിന് ശേഷം കോയമ്പത്തൂരിലെ അഗ്രികൾചറൽ യൂനിവേഴ്‌സിറ്റിയിൽ ബി.എസ്‌.സിക്ക് (അഗ്രികൾചർ) ചേരുകയും വിദ്യാഭ്യാസ വായ്പയെടുത്ത് കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തു.
‘ഞാൻ വെൽഫെയർ ഹോസ്റ്റലുകളിൽ താമസിച്ചു. എന്റെ മാതാപിതാക്കൾ രാവും പകലും ജോലി ചെയ്യുന്നത് കണ്ടതിനാൽ ഞാൻ കഠിനാധ്വാനം ചെയ്യാൻ തയ്യാറായിരുന്നു…’
അദ്ദേഹം പറയുന്നു.

  ബിരുദപഠനത്തിന് ശേഷം, കൃഷിയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനും തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി ഇൻബശേഖർ ഹൈദരാബാദിലേക്ക് പോയി. ഹൈദരാബാദിലെ കോളജ് ഓഫ് അഗ്രികള്‍ച്ചറില്‍നിന്ന് എം.എസ്‌‌.സി പൂര്‍ത്തിയാക്കിയ അദ്ദേഹം 2013 മുതല്‍ ന്യൂഡെല്‍ഹി ഇൻഡ്യൻ അഗ്രികള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂടില്‍ കൃഷിശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു.

അപ്പോഴും ഉള്ളിലുള്ള ഐ.എ.എസ് എന്ന സ്വപ്‌നം ഉപേക്ഷിച്ചില്ല. 2013-ൽ ഇൻഡ്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) പരീക്ഷയിൽ 49-ാം റാങ്ക് ലഭിച്ചിരുന്നെങ്കിലും ഉയരം കുറവായതിനാൽ സർവീസിൽ ചേരാനായില്ല. പക്ഷേ അതുകൊണ്ടൊന്നും ഇൻബശേഖർ തളർന്നില്ല.
‘എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു…’
അതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഒടുവിൽ 2015ല്‍ സിവില്‍ സര്‍വീസ് ലഭിച്ചു. തുടർന്ന് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ജോലിയിൽ പ്രവേശിച്ചു. അവിടെ നിന്ന് വലിയ വലിയ ഉത്തരവാദിത്തങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ കൈകളിലെത്തി.

രാജ്യം കോവിഡ് ഭീഷണിയിലായിരുന്ന സമയത്ത് സംസ്ഥാനത്ത് സമൂഹവ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും സർക്കാർ രൂപവത്‌കരിച്ച ‘യുദ്ധ മുറി’ (വാർ റും) യിൽ അംഗങ്ങളായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇൻബശേഖർ. നിലവില്‍ രജിസ്‌ട്രേഷന്‍ ഐ.ജി ആണ്. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറായും ചുമതല വഹിച്ചിട്ടുണ്ട്. കലക്ടർ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് ഒഴിയുന്ന സ്ഥാനത്ത് കെ ഇൻബശേഖർ എത്തുമ്പോൾ ജില്ലയിലെ ജനങ്ങളും വലിയ പ്രതീക്ഷയിലാണ്. അവഗണനകൾ ഏറെ നേരിടുന്ന കാസർകോടിൻറെ വേദനകൾ മനസിലാക്കാൻ കഴിയുന്ന ഒരാൾ തന്നെയാണ് കലക്ടറായി എത്തുന്നത്.
ഒരു ജില്ലയുടെ കലക്ടറായി തങ്ങളുടെ ഇടയിൽ നിന്നൊരാൾ എത്തുന്നതിന്റെ സന്തോഷം പൊടച്ചേരി ഗ്രാമത്തിനുമുണ്ട്.

Back to top button
error: