Movie

ജോൺ അബ്രഹാം സംവിധാനം ചെയ്ത ആദ്യ സിനിമ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 51 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

   ജോൺ അബ്രഹാമിന്റെ കന്നിച്ചിത്രം ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ 51 വർഷം പിന്നിടുന്നു. 1972 മെയ് 19 ന് റിലീസ് ചെയ്തു. ഫ്രഞ്ച് ചിത്രം ‘നൂ ലെ ഗോസ്’ ആണ് പ്രചോദനം. അബദ്ധത്തിൽ സ്‌കൂൾ പ്രോപ്പർട്ടിക്ക് നാശം പറ്റിയതിൽ കുറ്റാരോപിതനായ ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സഹായിക്കുന്നതാണ് കഥ.

ഫ്രഞ്ച് ചിത്രത്തിൽ സ്‌കൂളിലെ ഗ്ളാസ് പൊട്ടിയപ്പോൾ ജോണിന്റെ ചിത്രത്തിൽ സ്‌കൂൾ സ്ഥാപകന്റെ പ്രതിമയുടെ തലയാണ് തകർന്നത്. എം ആസാദ് തിരക്കഥ. മധു, ജയഭാരതി, അടൂർ ഭാസി എന്നിവർക്കൊപ്പം തമിഴ് നടി മനോരമയും അഭിനയിച്ചു. വയലാർ-എംബി ശ്രീനിവാസന്റെ പാട്ടുകളിൽ ‘വെളിച്ചമേ നയിച്ചാലും’ ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. അടൂർഭാസിക്കൊപ്പം മനോരമ ഒരു ഗാനം ആലപിച്ചു.

എട്ടാം ക്ളാസ്സിലെ കുട്ടികൾ അധ്യാപകൻ ലീവായത് കാരണം ആ പിരിയഡ് പന്ത് കളിക്കുകയാണ്. കളിച്ചു കൊണ്ടിരിക്കെ പന്തടിച്ച് സ്‌കൂൾ സ്ഥാപകന്റെ പ്രതിമയുടെ തല തകർന്നു. ഹെഡ്‌മാസ്റ്റർ 1200 പിഴ വിധിച്ചു. പാവപ്പെട്ട രാജു എന്ന വിദ്യാർത്ഥിയുടെ തലയിലാണ് ആ കുറ്റം ചുമത്തപ്പെട്ടത്. ഒരു ക്‌ളാസ് മുഴുവൻ കളിച്ചപ്പോൾ ഒരു കുട്ടി മാത്രം എങ്ങനെ പ്രതിയാകും…? മറ്റ് വിദ്യാർത്ഥികളെല്ലാവരും കൂടി സമരം ചെയ്യാൻ പദ്ധതിയിട്ടു. പക്ഷെ നല്ലവനായ സ്‌കൂൾ സെക്രട്ടറിയുടെ പ്രേരണയാൽ സമരമല്ല, സഹകരണമാണ് വേണ്ടതെന്നും കലാപരിപാടി നടത്തി പണം സ്വരൂപിക്കണമെന്നും അവർ തീരുമാനിക്കുന്നു. മാത്രമല്ല, വിദ്യാർഥികൾ അവരുടെ ആവശ്യങ്ങൾക്കായി മാറ്റി വച്ച പണം കൂടി ‘പൊതു ഫണ്ടിലേയ്ക്ക്’ സംഭാവന ചെയ്യുന്നു. അധികാരത്തിന്റെ തല തകർത്ത് പുതിയ തലമുറ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ചിത്രം പറയുന്നു.

‘നമ്മുടെ മണ്ണിൽ നമുക്കുയർത്തുക സമഭാവനയുടെ നളന്ദകൾ’ എന്നാണ് വയലാർ ഒരു ഗാനത്തിൽ എഴുതിയത്. സംഗീതം നൽകിയ എം.ബി ശ്രീനിവാസൻ ജോണിന്റെ അടുത്ത ചിത്രത്തിൽ (ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ) അഭിനയിച്ചു.

Back to top button
error: