MovieNEWS

സിനിമ 100 കോടി നേടിയാല്‍ നിര്‍മ്മാതാവിന് എത്ര കിട്ടും? കണക്കുകള്‍ നിരത്തി നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി

മികച്ച വിജയം നേടി തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയത്.
100 കോടി നേടിയ ഒരു ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവിന് എത്ര രൂപ കിട്ടുമെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളി.

100 കോടി നേടിയ ഒരു ചിത്രത്തില്‍ നിന്നും ചെലവുകള്‍ കഴിഞ്ഞ് നിര്‍മാതാവിന് കിട്ടുക 35 കോടിയോളം ആയിരിക്കുമെന്ന് ആണ് കുന്നപ്പിള്ളി പറയുന്നത്. ”സിനിമയുടെ കളക്ഷന്‍സ് മെയിന്‍ ആയി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്ങ്. 45 തീയറ്ററിന് 55 നമുക്ക്.

മള്‍ട്ടിപ്ലെക്സ് ആണെങ്കില്‍ ശതമാനം 50 -50 ആയി മാറും. ഒരാഴ്ച കഴിഞ്ഞു സാധാരണ തിയറ്ററുകളും 50 ആയി മാറും. ഓരോ ആഴ്ചയിലും ഇത് ഇങ്ങനെ കുറഞ്ഞു കുറഞ്ഞു വരും. അവസാനം 60 -40 ആവും. അതായത് തീയേറ്ററുകള്‍ക്ക് 60 നിര്‍മാതാക്കള്‍ക്ക് 40ഉം ആകുമെന്നും” അദ്ദേഹം പറഞ്ഞു.

ഒരു ചിത്രം നൂറ് കോടി നേടിയിട്ടുണ്ടെങ്കില്‍ എല്ലാ ചിലവുകളും കഴിഞ്ഞ് പ്രൊഡ്യൂസര്‍ക്ക് കിട്ടാന്‍ പോകുന്നത് 35 കോടി വരെയായിരിക്കുമെന്നും വേണു കുന്നപ്പിള്ളി വ്യക്തമാക്കി. അതേസമയം വേണു കുന്നപ്പള്ളി നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളാണ് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. മാമാങ്കം, മാളികപ്പുറം, ഇപ്പോള്‍ 2018. ഇതില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമാണ് 2018.

 

Back to top button
error: