KeralaNEWS

സിനിമാക്കാരുടെ പ്രിയപ്പെട്ട പാലക്കാടൻ റയിൽവെ സ്റ്റേഷനുകൾ

റയിൽവെ സ്റ്റേഷനിലും ട്രെയിനിലും കല്യാണ ആൽബങ്ങൾ ഉൾപ്പെടെ ഷൂട്ട് ചെയ്യാം
 

സിനിമക്കാരുടെ എന്നത്തേയും പ്രിയപ്പെട്ട ലൊക്കേഷനാണ് പാലക്കാടൻ സ്റ്റേഷനുകൾ.ഇഷ്ടതാരങ്ങളുടെ വരവ് കൊണ്ട് ഇങ്ങനെ‌ റെയിൽവേയ്ക്ക് ലഭിക്കുന്നത് കോടികളാണ്.

മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ ഇഷ്ട ലൊക്കേഷനാണ് പാലക്കാട്  ഡിവിഷൻ.ഗ്രാമാന്തരീക്ഷത്തോടെയുള്ള റെയിൽവേ സ്റ്റേഷനുകളും പശ്ചാത്തലവും കൂടുതൽ സിനിമാ പ്രവർത്തകരെ ഇവിടേക്ക്‌ എത്തിക്കുന്നു.മലയാളം മാത്രമല്ല, ധാരാളം തമിഴ്, തെലുങ്ക് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
വാളയാർ, പൊള്ളാച്ചി, മുതലമട, പുതുനഗരം, പാലക്കാട് ടൗൺ, നിലമ്പൂർ റോഡ് എന്നീ പ്രകൃതി ഭം​ഗിയുള്ള ലൊക്കേഷനുകൾക്കാണ് കൂടുതൽ ആവശ്യം.റെയിൽവേ സ്റ്റേഷനും പരിസരവും ചിത്രീകരിക്കുന്നതിനോടൊപ്പം പല സിനിമകൾക്കും ട്രെയിനുകളും വാടകയ്ക്ക് നൽകാറുണ്ട്.ഇങ്ങനെ ടിക്കറ്റ് ഇതര വരുമാനത്തിൽ പ്രധാന വരുമാന മാർ​ഗമാവുകയാണ് റെയിൽവേയ്ക്ക് സിനിമാ ചിത്രീകരണം.
പ്രിയദർശൻ ചിത്രം വെട്ടം അടക്കം മുമ്പ് ഒരുപാട് സിനിമകൾക്ക് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ ലൊക്കേഷനായിട്ടുണ്ട്. ദിലീപ് ചിത്രം “ഇവൻ മര്യാദ രാമന്റെ’ പ്രധാന സന്ദർഭങ്ങൾ ചിത്രീകരിച്ചത് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ്. 2019-ൽ നിലമ്പൂർ റോഡ് റെയിൽവേ സ്‌റ്റേഷനിലാണ് മമ്മൂട്ടി നായകനായ “ഉണ്ട’ ചിത്രീകരിച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “ഹൃദയം’ പാലക്കാട് ടൗൺ, പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ ചിത്രീകരിച്ചു.മോഹൻലാലിന്റെ “ആറാട്ടി’ലെ ചില രം​​ഗങ്ങൾ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ് ചിത്രീകരിച്ചത്‌.
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത “പാച്ചുവും അത്ഭുതവിളക്കും’ മുതലമട, കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിലാണ് ചിത്രീകരിച്ചത്. മഹേഷ് ബാബു, രശ്മിക മന്ദാന, വിജയശാന്തി, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘സരിലേരു നീകേവരു’ എന്ന തെലുങ്ക് സിനിമ മുതലമട  സ്റ്റേഷനിൽ ചിത്രീകരിച്ചു. സന്താനം പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം “ഏജന്റ് കണ്ണായിരം’ വാളയാർ സ്റ്റേഷനിൽ ചിത്രീകരിച്ചു. ശശികുമാർ നായകനായ മറ്റൊരു തമിഴ് സിനിമയും മലപ്പുറം ചെറുകര റെയിൽവേ സ്റ്റേഷനിലാണ്‌ ഷൂട്ട്‌ ചെയ്‌തത്‌. എസ് ഹരിഹരൻ റാം സംവിധാനം ചെയ്ത പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമായ “ജോ’ എന്ന തമിഴ് സിനിമ മുതലമട റെയിൽവേ സ്റ്റേഷനിൽ ചിത്രീകരിച്ചു. നമ്പർ ട്വന്റി മദ്രാസ് മെയിലിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത് ഷൊർണൂർ-നിലമ്പൂർ റോഡ് റൂട്ടിലാണ്.തൂവാനത്തുമ്പികളുടെ ക്ലൈമാക്സ് ഉൾപ്പെടെ ചിത്രീകരിച്ചത് ഒറ്റപ്പാലം റയിൽവേ സ്റ്റേഷനിലായിരുന്നു.
ചിത്രീകരണത്തിന് അനുമതി എങ്ങനെ…? 
 
ദക്ഷിണ റെയിൽവേയിൽ സിനിമാ ചിത്രീകരണത്തിനുള്ള അനുമതി നൽകേണ്ടത് ചെന്നൈയിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറാണ്. ചിത്രീകരണത്തിന് അനുമതി നൽകാൻ ഒരു ലൈസൻസ് ഫീസ് റെയിൽവേ തീരുമാനിക്കും.ഓരോ റെയിൽവേ ഡിവിഷനും ഓരോ തരത്തിലാണ് ഫീസ്.ഈ തുക നേരത്തെ നൽകണം. പാലക്കാട് ഡിവിഷനിലെ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും ബന്ധപ്പെട്ട ഫിലിം പ്രൊഡക്ഷൻ കമ്പനികൾക്ക് നേരിട്ട് വിളിക്കാം.  0491 2555443 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പാലക്കാട്ടെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർക്ക് [email protected] എന്ന ഇ-മെയിലിലൂടെയും അനുമതിയ്ക്ക് അപേക്ഷിക്കാം.സിനിമകൾക്ക് പുറമെ ഷോട്ട് ഫിലിമുകൾക്കും റെയിൽവേ സ്റ്റേഷനും ട്രെയിനുമെല്ലാം വാടകയ്ക്ക് നൽകും. കല്യാണ ഫോട്ടോഷൂട്ടിനും അനുമതി ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും കല്യാണ ഫോട്ടോഷൂട്ടിനും അനുമതി നൽകുന്നുണ്ട്. ഡിവിഷനിൽ അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ചാൽ വധൂവരൻമാർക്കും മോഡലുകൾക്കും സ്റ്റേഷൻ ഉപയോ​ഗിക്കാം.അനുമതിയില്ലാതെ സ്റ്റേഷനിൽ ഫോട്ടോഷൂട്ട് നടത്തുന്നത് ശിക്ഷാർഹമാണ്.

Back to top button
error: