IndiaNEWS

ശാരീരിക ക്ഷമതയുള്ള സേനയെ ലക്ഷ്യം വെച്ച് അസം പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരിക ക്ഷമത പരിശോധിക്കാനൊരുങ്ങുന്നു; ബോഡി ഫിറ്റല്ലെങ്കിൽ പണിപോകും, ഭാരം കുറയ്ക്കാൻ 3 മാസം സമയം!

ദില്ലി: ശാരീരിക ക്ഷമതയുള്ള സേനയെ ലക്ഷ്യം വെച്ച് അസം പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരിക ക്ഷമത പരിശോധിക്കാനൊരുങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരഭാര സൂചിക(ബി.എം.ഐ) ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങുകയാണ് അസം പൊലീസ്. ഐ.പി.എസ് ഓഫീസര്‍മാരുള്‍പ്പടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഡി ജി പി ജി.പി. സിങ് വ്യക്തമാക്കി. ആരോഗ്യമുള്ളവരെ സേനയിൽ നിലനിര്‍ത്തി മറ്റുള്ളവരെ ക്രമേണ സേനയില്‍ നിന്ന് നീക്കിയേക്കുമെന്നാണ് സൂചന.

ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം സമയം നല്‍കുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു ശേഷം ബി.എം.ഐ. പരിശോധനയാരംഭിക്കുമെന്നും അസം ഡി.ജി.പി. ജി.പി. സിങ് ട്വിറ്ററിൽ കുറിച്ചു. സേനയില്‍ അമിതഭാരമുള്ളവരുണ്ട്. ഇവർക്ക് ഭാരം കുറയ്ക്കാന്‍ മൂന്നു മാസത്തെ സമയം നല്‍കും. ഈ കാലയളവിൽ ശാരീരിക സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ സ്വയം വിരമിക്കലാവശ്യപ്പെടുമെന്ന് ഡി.ജി.പി അറിയിച്ചു.

തൈറോയ്ഡ് അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യം ശരീരഭാര സൂചിക പരിശോധനയ്ക്കു വിധേയനാകുന്നത് താനാണെന്നും ഡി ജി പി ജി.പി. സിങ് ട്വിറ്ററിൽ വ്യക്തമാക്കി. അസം പൊലീസിൽ ഏകദേശം 70,000 ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. എല്ലാ ഉദ്യോഗസ്ഥരും ഈ പ്രക്രിയയുടെ ഭാഗമാകുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ സേനയുടെ അച്ചടക്കം പാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും ഉന്നതലത്തിൽ ശേഖരിച്ചിട്ടുണ്ടെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.

സ്ഥിരമായി മദ്യപിക്കുന്നവരും, അമിത വണ്ണമുള്ളവരുമടക്കം 650-ലധികം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവരിൽ ഡ്യൂട്ടിക്ക് യോഗ്യരല്ലെന്ന് കണ്ടെത്തുന്നവർക്ക് സമഗ്രമായ പരിശോധനയ്ക്ക് ശേഷം സ്വമേധയാ വിരമിക്കുക എന്ന മാർഗം മാത്രമേ വഴിയൊള്ളുവെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പട്ടികയിലുള്ളവരെ നിരീക്ഷിക്കാനാി ജില്ലകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഡിജിപിയും വ്യക്തമാക്കി. ഡെപ്യൂട്ടി കമാൻഡന്‍റോ, എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ ലിസ്റ്റ് പരിശോധിക്കും. പട്ടികയിൽ പേരുണ്ടെങ്കിലും വിആർഎസ് എടുക്കാൻ തയ്യാറല്ലാത്തവർക്ക് ഫീൽഡ് ഡ്യൂട്ടി നൽകില്ലെന്നും ഡിജിപി പറഞ്ഞു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: