പത്തനംതിട്ട: ശബരിമല പൊന്നമ്ബലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്.ചെന്നൈ സ്വദേശി നാരായണനാണ് അനുമതിയില്ലാതെ പൂജ നടത്തിയത്.
ഇയാള്‍ മുന്‍പ് ശബരിമലയില്‍ കീഴ്‌ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വനത്തില്‍ അതിക്രമിച്ച് കയറിയതിന് വനംവകുപ്പാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും ദേവസ്വം ബോർഡ് പരാതി നൽകിയിട്ടുണ്ട്.
വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണന്‍ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വനംവകുപ്പ് കേസെടുത്തത്.
നാരായണന്‍ മുന്‍പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളതായി ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. മുന്‍പ് തന്ത്രി എന്ന ബോര്‍ഡ് വച്ച കാറില്‍ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്‌ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി എന്നതുള്‍പ്പെടെയുള്ള പരാതികളും നാരായണനെതിരെയുണ്ട്.